ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡിനെ നേരിടാൻ രണ്ട് വാക്സിനുകള്‍ക്ക് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ അനുമതി നല്‍കി. പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കൊവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്‍റെ കൊവാക്സിൻ എന്നിവയ്ക്കാണ് ഉപാധികളോടെ അനുമതി നല്‍കിയത്. വിദഗ്ധ സമിതി നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഡിസിജിഐയുടെ തീരുമാനം. സിഡസ് കാഡിലയുടെ മൂന്നാംഘട്ട പരീക്ഷണത്തിനും ഡിസിജിഐ അനുമതി നല്‍കിയിട്ടുണ്ട്.
ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിക്കുന്ന വാക്‌സിനാണ് കൊവിഷീല്‍ഡ്. 70.42 ശതമാനമാണ് കൊവിഷീല്‍ഡിന്‍റെ ഫലപ്രാപ്തി.ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി (ഐസിഎംആർ) ചേർന്ന് വികസിപ്പിച്ചതാണ് കൊവാക്സിൻ. വാക്സിനുകളുടെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കാൻ സെൻട്രൽ ഡ്രഗ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിസ്‌കോ) പാനൽ കഴിഞ്ഞ ദിവസം ശുപാർശ ചെയ്തിരുന്നു.
വാക്സിനുകള്‍ നൂറ് ശതമാനം സുരക്ഷിതമാണെന്നും ആശങ്കയുണ്ടെങ്കില്‍ അംഗീകാരം നല്‍കില്ലെന്നും ഡിസിജിഐ വി.ജി.സൊമാനി വ്യക്തമാക്കി. പനി, അലര്‍ജി പോലുള്ള പാര്‍ശ്വഫലങ്ങള്‍ എല്ലാ വാക്സിനുകള്‍ക്കും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.