ചിക്കമംഗളുരു : കർണാടകയിലെ മുതിർന്ന രാഷ്ട്രീയ നേതാവ് ഡിബി ചന്ദ്രെഗൗഡ (87) അന്തരിച്ചു.(Veteran Karnataka politician D B Chandre Gowda dead) ഇന്ത്യൻ രാഷ്‌ട്രീയം സന്നിഗ്ദ്ധഘട്ടത്തിലായിരുന്ന അവസരത്തിൽ ഇന്ദിരാഗാന്ധിക്ക് വേണ്ടി തന്‍റെ സ്ഥാനം വിട്ടുകൊടുത്ത് ദേശീയതലത്തിൽ ശ്രദ്ധ നേടിയ നേതാവാണ് ഡിബി ചന്ദ്രെഗൗഡ.
കർണാടകയിലെ മുഡിഗെരെ താലൂക്കിലെ ദാരദഹള്ളിയിൽ ഇന്ന് രാവിലെയാണ് വാർദ്ധക്യസഹജമായ അസുഖം മൂലം അന്ത്യം സംഭവിച്ചത്. കർണാടക നിയമസഭ, കർണാടക നിയമസഭ കൗൺസിൽ, ലോക്‌സഭ, രാജ്യസഭ തുടങ്ങി എല്ലാ നിയമനിർമ്മാണ സഭകളിലും അംഗമായിരുന്നു. പ്രജ സോഷ്യലിസ്റ്റ് പാർട്ടി, കർണാടക ക്രാന്തി രംഗ ജനത പാർട്ടി, ജനതാദൾ, കോൺഗ്രസ്, ബിജെപി തുടങ്ങി വിവിധ പാർട്ടികളിലും അദ്ദേഹം പ്രവർത്തിച്ചു.
അഭിഭാഷകനായിരുന്ന ഗൗഡ 1971ൽ കോൺഗ്രസിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് എത്തിയത്. മൂന്ന് തവണ ലോക്സഭാംഗവും ഒരു തവണ രാജ്യസഭാംഗവുമായി. 1971ലും 77ലും കോൺഗ്രസ് ടിക്കറ്റിൽ ചിക്കമംഗളുരുവിൽ നിന്ന് ലോക്സഭയിലെത്തി. ഇന്ദിരാഗാന്ധിക്ക് വേണ്ടി സീറ്റ് ഒഴിഞ്ഞ് നൽകിയതോടെ 1978 മുതൽ 83 വരെ കോൺഗ്രസിനെ പ്രതിനിധീകരിച്ച് നിയമസഭ കൗൺസില്‍ അംഗമായി. ദേവരാജ് ഉർസ് മന്ത്രിസഭയില്‍ അംഗമായി. പിന്നീട് രാഷ്‌ട്രീയ നിലപാടുകൾ മാറി മറിഞ്ഞതോടെ അദ്ദേഹവും ദേവരാജ് ഉർസും കോൺഗ്രസ് വിട്ട് കർണാടക ക്രാന്തി രംഗയിൽ അംഗമായി.
മൂന്ന് തവണ നിയമസഭാംഗമായ അദ്ദേഹം രണ്ട് തവണ തീർത്ഥഹള്ളി മണ്ഡലത്തിൽ നിന്ന് ജനത പാർട്ടിയെ പ്രതിനിധീകരിച്ചു. ഒരു തവണ കോൺഗ്രസ് ടിക്കറ്റിൽ ശൃംഗേരി മണ്ഡലത്തെയും പ്രതിനിധീകരിച്ചു. എസ് എം കൃഷ്ണ മന്ത്രിസഭയിൽ നിയമ-പാർലമെന്ററി കാര്യമന്ത്രിയുമായി. പിന്നീട് ജനതാദൾ ആയി മാറിയ ജനതാപാർട്ടിയെ പ്രതിനിധീകരിച്ച് 1986ൽ അദ്ദേഹം രാജ്യസഭയിലുമെത്തി. 2009ൽ ബംഗളുരു നോർത്ത് മണ്ഡലത്തിൽ നിന്ന് ബിജെപി ടിക്കറ്റിൽ ലോക്സഭാംഗമായി. വിവിധ സർക്കാരുകളിൽ മന്ത്രി ആയിരുന്ന ഗൗഡ സംസ്ഥാന നിയമസഭയിൽ 1983 മുതൽ 85 വരെ സ്പീക്കറായും പ്രവർത്തിച്ചു. നിയമസഭയിലും കൗൺസിലിലും പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചിട്ടുണ്ട്.
കോൺഗ്രസ് കോട്ട തേടിയെത്തിയ ഇന്ദിര: അടിയന്തരാവസ്ഥയ്ക്ക് ശേഷം 1977 ല്‍ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പരാജയം രുചിച്ച ഇന്ദിരക്ക് രാഷ്ട്രീയത്തിലേക്കുള്ള ശക്തമായ തിരിച്ചുവരവ് സമ്മാനിച്ചത് ചിക്കമംഗളുരു തെരഞ്ഞെടുപ്പായിരുന്നു. രാജ്യമാകെ കോൺഗ്രസ് തെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ടപ്പോഴും കര്‍ണ്ണാടക കോണ്‍ഗ്രസിന്‍റെ കോട്ടയായിരുന്നു. അങ്ങനെയാണ് 1978 ല്‍ ചിക്കമംഗളുരുവില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗമായിരുന്ന ഡിബി ചന്ദ്രെഗൗഡ എംപി സ്ഥാനം രാജിവെച്ച് ഇന്ദിരയ്ക്ക് മത്സരിക്കാൻ കളമൊരുക്കിയത്.
സംസ്കാരം നാളെ: വിവിധ രാഷ്ട്രീയ പാർട്ടികളുടെ ഭാഗമായെങ്കിലും കോൺഗ്രസ് നേതാവെന്ന നിലയിലാണ് ഡിബി ചന്ദ്രെഗൗഡ അറിയപ്പെടുന്നത്. അദ്ദേഹത്തിന് ഭാര്യയും നാല് മക്കളുമുണ്ട്. ഭൗതിക ദേഹം ഇന്ന് വൈകിട്ട് വരെ ആദ്യന്തായ രംഗമന്ദിറിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം ജന്മസ്ഥലമായ ദാരാഹള്ളിയിൽ നാളെ നടക്കും.