ഭോപ്പാല്‍ : മധ്യപ്രദേശില്‍ ആദിവാസി യുവാവിന്‍റെ മുഖത്ത് മൂത്രമൊഴിച്ച കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഇരയെന്നുപറഞ്ഞ് അവതരിപ്പിക്കപ്പെട്ട യുവാവ്. തന്‍റെ മുഖത്തല്ല ബിജെപി നേതാവ് മൂത്രമൊഴിച്ചതെന്നും ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വീഡിയോയില്‍ കാണുന്നത് തന്നെയല്ലെന്നും വെളിപ്പെടുത്തി ദഷ്‌മത് റാവത്ത് എന്ന യുവാവാണ് രംഗത്തെത്തിയത്. ഇരയെന്ന് വിശേഷിപ്പിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ കാല്‍ കഴുകി മാപ്പ് പറഞ്ഞതിന് പിന്നാലെയാണ് യുവാവിന്‍റെ വെളിപ്പെടുത്തല്‍.
കേസില്‍ പ്രതിയായ പ്രവേഷ് ശുക്ലയും അമ്മാവനും ചേര്‍ന്ന് തന്നെ കൊണ്ട് സത്യവാങ്മൂലത്തില്‍ ഒപ്പിടുവിക്കുകയായിരുന്നുവെന്ന ഗുരുതര വെളിപ്പെടുത്തലും യുവാവ് നടത്തി. കേസില്‍ അറസ്റ്റിലായ പ്രതിയെ മോചിപ്പിക്കണമെന്ന് നേരത്തേ റാവത്ത് സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തന്‍റെ തെറ്റ് തിരിച്ചറിഞ്ഞെന്നും ക്ഷമിക്കണമെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. ഇരയെന്ന് വിശേഷിപ്പിച്ച് മുഖ്യമന്ത്രി മാപ്പ് പറഞ്ഞ ദഷ്‌മത് റാവത്തിന് സംസ്ഥാന സര്‍ക്കാര്‍ 5 ലക്ഷം രൂപയും അദ്ദേഹത്തിന്‍റെ വീട് നിര്‍മാണത്തിനായി 1.5 ലക്ഷം രൂപയും പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുവാവിന്‍റെ വെളിപ്പെടുത്തല്‍.
രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് : യഥാർഥ ഇരയ്ക്ക് പകരം മറ്റൊരാളുടെ കാലുകൾ കഴുകിയ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെതിരെ രൂക്ഷ വിമർശനവുമായി മധ്യപ്രദേശ് കോൺഗ്രസ് ഘടകം രംഗത്തെത്തി. ഇത് തന്ത്രപരമായ നീക്കമാണെന്നും ബിജെപിയുടെ മുഖം രക്ഷിക്കാനുള്ള നടപടിയായിരുന്നു കാല്‍ കഴുകലും മാപ്പ് പറച്ചിലുമെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.
കാലുകഴുകി മാപ്പപേക്ഷിച്ച് മുഖ്യമന്ത്രി : ആദിവാസി യുവാവിന്‍റെ മുഖത്ത് ബിജെപി പ്രവര്‍ത്തകന്‍ മൂത്രമൊഴിച്ച വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെ പ്രതിക്കൂട്ടിലായത് ബിജെപിയാണ്. അതുകൊണ്ട് ഇരയാണെന്ന് പറഞ്ഞ് ജൂലൈ ആറിന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഒരു യുവാവിന്‍റെ കാലുകഴുകുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വച്ച് കാലുകഴുകുകയും പൊന്നാട അണിയിക്കുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യുന്നതായിരുന്നു വീഡിയോയിലുള്ളത്.
സംഭവത്തില്‍ തനിക്ക് അങ്ങേയറ്റം ദുഃഖമുണ്ടെന്നും അതില്‍ ആത്മാര്‍ഥമായി പശ്ചാത്തപിക്കുകയാണെന്നും മുഖ്യമന്ത്രി യുവാവിനോട് വീഡിയോയില്‍ പറയുന്നുണ്ട്.
മുഖം രക്ഷിക്കാന്‍ ബിജെപിയുടെ മാപ്പ് : ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് സിധി ജില്ലയില്‍ നിന്നുള്ള ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഒരു കെട്ടിടത്തിന്‍റെ കോണിപ്പടിയില്‍ ഇരിക്കുന്ന യുവാവിന്‍റെ മുഖത്തേക്ക് ഒരാള്‍ മൂത്രമൊഴിക്കുന്നതാണ് വീഡിയോ. മദ്യപിച്ച് ലക്കുകെട്ട ഒരാള്‍ വായയില്‍ സിഗരറ്റുമായെത്തി ഇയാളുടെ മുഖത്തേക്ക് മൂത്രമൊഴിക്കുകയായിരുന്നു.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവും പ്രതിഷേധവുമുണ്ടായി. ഇതില്‍ കേസെടുത്ത് പൊലീസ് നടത്തിയ അന്വേഷണത്തില്‍ സിധി ജില്ലയില്‍ നിന്നുള്ള ഒരു ബിജെപി എംഎല്‍എയുടെ അനുയായിയായ പ്രവേഷ് ശുക്ല എന്നയാള്‍ അറസ്റ്റിലായി. വീഡിയോ വൈറലായതോടെ ഒളിവില്‍ പോയിരുന്ന ഇയാളെ പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതിയുടെ വീട് തകര്‍ത്ത് പൊലീസ് : കേസില്‍ പ്രവേഷ് ശുക്ല അറസ്റ്റിലായതിന് പിന്നാലെ പൊലീസ് ഇയാളുടെ വീട് ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ച് നിരത്തി. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമായിരുന്നു പൊലീസ് നടപടി.
വീട് പുനര്‍ നിര്‍മിക്കാന്‍ ഫണ്ട് ശേഖരണം : കേസുമായി ബന്ധപ്പെട്ട് പ്രതിയുടെ വീട് ഇടിച്ച് നിരത്തിയതിന് പിന്നാലെ പുതുക്കി പണിയാന്‍ വിവിധ സമുദായത്തിലെ അംഗങ്ങള്‍ ഫണ്ട് ശേഖരിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. ഇയാള്‍ തെറ്റ് ചെയ്‌തതിന് കുടുംബം കഷ്‌ടപ്പെടേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വീട് നിര്‍മാണത്തിനുള്ള ഫണ്ട് ശേഖരണം നടക്കുന്നത്. എസ്‌സി, എസ്‌ടി ആക്‌ട് പ്രകാരം കേസെടുക്കപ്പെട്ട് ഇയാള്‍ നിലവില്‍ രേഖ ജില്ല ജയിലിലാണ്.