ജോധ്‌പൂര്‍ (രാജസ്ഥാന്‍): രോഗം വന്നാല്‍ വിശ്രമിക്കണമെന്ന് പറയുന്നവരാണ് ഭൂരിഭാഗം ഡോക്‌ടര്‍മാരും. എന്നാല്‍ രാജസ്ഥാനിലെ ജോധ്‌പൂരിലുള്ള ഡോക്‌ടര്‍ രാജ് ധരിവാല്‍ രോഗികളെ ഉപദേശിക്കുന്നത് നൃത്തം ചെയ്യാനാണ്. ഉപദേശം മാത്രമല്ല വേണ്ടി വന്നാല്‍ രോഗികള്‍ക്കൊപ്പം നൃത്തം ചെയ്യാനും തയ്യാറാണ് 'ഡാന്‍സിങ് ഡോക്‌ടര്‍' എന്നറിയപ്പെടുന്ന ഡോക്‌ടര്‍ രാജ് ധരിവാല്‍.
പീഡിയാട്രിഷനാണ് ഡോക്‌ടര്‍ രാജ് ധരിവാല്‍. ജോധ്‌പൂരിലുള്ള തന്‍റെ ക്ലിനിക്കിലെത്തുന്നവരോട് ഡോക്‌ടർക്ക് പറയാനുള്ളത് ഒന്ന് മാത്രം - മരുന്നുകള്‍ക്കൊപ്പം ദിവസവും നൃത്തം ചെയ്യണം. ആരോഗ്യം നിലനിര്‍ത്താന്‍ നൃത്തം മികച്ച മാര്‍ഗമാണെന്നാണ് ഡോക്‌ടറുടെ അഭിപ്രായം.
ക്ലിനിക്കിലെത്തുന്ന കുട്ടികള്‍ക്കൊപ്പം നൃത്തം ചെയ്യാനും ഡോക്‌ടർ മടിക്കാറില്ല. അങ്ങനെയാണ് ഡാന്‍സിങ് ഡോക്‌ടറെന്ന പേര് ലഭിക്കുന്നത്. ദിവസവും നൃത്തം ചെയ്യുന്നതിനാല്‍ ശാരീരികമായും മാനസികമായും താന്‍ ആരോഗ്യാവാനാണെന്ന് 71കാരനായ ഡോക്‌ടറുടെ വാദം. ക്ലിനിക്കില്‍ നൃത്തം ചെയ്യുന്ന ഡോക്‌ടറുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.