ദർബംഗ(ബിഹാര്‍) : മോഷണം നടത്തിയെന്ന് ആരോപിച്ച് ക്രൂരമായി മര്‍ദിച്ച ശേഷം ദലിത് വിഭാഗത്തില്‍പ്പെട്ട വ്യക്തിയുടെ കൈയ്യും കാലും തല്ലിയൊടിച്ചു. വെള്ളം ചോദിച്ചപ്പോള്‍ മൂത്രം കുടിപ്പിച്ചു. ബിഹാറിലെ ദര്‍ബംഗയിലാണ് നടുക്കുന്ന സംഭവം.
മോഷണശ്രമം ആരോപിച്ച് ദര്‍ബംഗ ജില്ലയിലെ രാജോറ സ്വദേശിയായ രാം പ്രകാശ് പശ്വനെയാണ് മറ്റൊരു വിഭാഗക്കാര്‍ ക്രൂരമായി മര്‍ദിച്ചത്. വീട്ടില്‍ നിന്ന് ബലമായി വലിച്ചിറക്കി കൈയ്യും കാലും കെട്ടിയിട്ട് കയറുകൊണ്ടും വടികൊണ്ടും ക്രൂരമായി ഇയാളെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മര്‍ദനത്തിന് ഇരയായ രാം പ്രകാശ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
മര്‍ദനത്തിനിരയായ ആളുടെ മകള്‍ പറയുന്നത് : ഓഗസ്റ്റ് 16 രാത്രി ബന്ധുവിന്‍റെ വീട്ടില്‍ സന്ദര്‍ശനം നടത്തി മടങ്ങവെ രാഹിക പൊലീസ് സ്റ്റേഷന്‍ പ്രദേശത്ത് എത്തിയപ്പോള്‍ ബഹളം വച്ച് ഏതാനും ആളുകള്‍ ചുറ്റും കൂടി കൈയ്യും കാലും കെട്ടിയിട്ട് ഒരു രാത്രി മുഴുവന്‍ തന്‍റെ പിതാവിനെ മര്‍ദിക്കുകയായിരുന്നു. ഗ്രാമത്തിലെ ആളുകള്‍ രക്ഷിക്കാനെത്തിയപ്പോള്‍ വിട്ടുനല്‍കണമെങ്കില്‍ 20 ലക്ഷം രൂപ അവര്‍ ആവശ്യപ്പെട്ടു. പിതാവ് ഗുരുതരാവസ്ഥയിലായതിനാല്‍ ആളുകള്‍ 50,000 രൂപ നല്‍കി അദ്ദേഹത്തെ രക്ഷിച്ചുവെന്നും രാം പ്രകാശിന്‍റെ മകള്‍ പൂജ കുമാരി പറഞ്ഞു.
സമൂഹ മാധ്യമങ്ങളില്‍ വീഡിയോ വൈറലായതിനെ തുടര്‍ന്ന് ദര്‍ബംഗ പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസ് ആശുപത്രിയിലെത്തി രാം പ്രാകാശിന്‍റെ മൊഴി രേഖപ്പെടുത്തി. സംഭവം നടന്നത് മദുബണി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണെങ്കിലും അന്വേഷണത്തിന് എല്ലാവിധ പിന്തുണയുമുണ്ടാകുമെന്ന് ദര്‍ബംഗ പൊലീസ് എസ്‌ഡിപിഒ കൃഷ്‌ണാനന്ദന്‍ കുമാര്‍ അറിയിച്ചു.
സംഭവത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടുകാരാണെന്ന് ബജ്റംഗദള്‍ ആരോപിച്ചു. പൊലീസ് ആവശ്യമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കണ്‍വീനര്‍ രാജീവ് കുമാര്‍ മദുകര്‍ കൂട്ടിച്ചേര്‍ത്തു.