മുംബൈ : ജന്മാഷ്‌ടമി ആഘോഷങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ദഹി ഹാൻഡി. മഹാരാഷ്‌ട്രയിൽ, പ്രത്യേകിച്ച് മുംബൈയിൽ, നടക്കുന്ന ഏറ്റവും വലിയ ആഘോഷങ്ങളിൽ ഒന്നാണ് ദഹി ഹാൻഡി മത്സരം. കൃഷ്‌ണഭക്തർ ഉയരമുള്ള മനുഷ്യ പിരമിഡ് സൃഷ്‌ടിച്ച് ഏറെ ഉയരത്തിൽ കെട്ടിയിരിക്കുന്ന തൈരുകുടം തകർക്കുന്നതാണ് ചടങ്ങ്.
മഹാരാഷ്‌ട്രയിൽ ഒരു കായിക ഇനമായി ദഹി ഹാൻഡി അംഗീകരിക്കപ്പെട്ടിരിക്കുന്നു. ദഹി ഹാൻഡിയുടെ പ്രചാരത്തിൽ ബോളിവുഡ് ഗാനങ്ങളുടെ പങ്ക് ചെറുതല്ല. ഇതിന് പാൻ ഇന്ത്യൻ അംഗീകാരം നൽകിയ ചില ബോളിവുഡ് ഗാനങ്ങൾ ഇതാ...
1. ഗോവിന്ദ ആലാ രേ : 1963ൽ പുറത്തിറങ്ങിയ ഷമ്മി കപൂറിന്‍റെ 'ബ്ലഫ്‌മാസ്റ്റർ' എന്ന ചിത്രത്തിലെ ക്ലാസിക് ഗാനമാണിത്. രാജേന്ദ്ര കൃഷ്‌ണ രചിച്ച്, മൻമോഹൻ ദേശായി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഗാനം ആലപിച്ചത് മുഹമ്മദ് റഫി ആണ്.
2. ഷോർ മച്ച് ഗയാ ഷോർ : ശത്രുഘ്‌നൻ സിൻഹ, മൗഷുമി ചാറ്റർജി, ജോണി വാക്കർ, മെഹമൂദ് എന്നിവർ അഭിനയിച്ച് 1974ൽ പുറത്തിറങ്ങിയ 'ബദ്‌ല' എന്ന ആക്ഷൻ സിനിമയിൽ നിന്നുള്ളതാണ് ഈ സൂപ്പർഹിറ്റ് ഗാനം. ലക്ഷ്‌മികാന്ത്, പ്യാരേലാൽ എന്നിവർ ചേർന്ന് രചിച്ച ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്‌ത ഗായകൻ കിഷോർ കുമാർ ആണ്.
3. മച്ച് ഗയാ ഷോർ സാരി നഗരി രേ : മെഗാസ്റ്റാർ അമിതാഭ് ബച്ചൻ, പർവീൺ ബാബി എന്നിവർ അഭിനയിച്ച് രവി ടണ്ടന്‍റെ സംവിധാനത്തിൽ 1982ൽ പുറത്തിറങ്ങിയ 'ഖുദ്ദാർ' എന്ന ചിത്രത്തിൽ നിന്നുള്ളതാണ് ഈ ഗാനം. മഹാരാഷ്‌ട്രയിലും ഇന്ത്യയിലെ മറ്റ് ഭാഗങ്ങളിലും നടക്കുന്ന ദഹി ഹാൻഡി പരിപാടികൾക്ക് ഏറെ പ്രിയപ്പെട്ട ഗാനമാണിത്. മജ്‌റൂഹ് സുൽത്താൻപുരി എഴുതിയ ഗാനം കിഷോർ കുമാറും ലത മങ്കേഷ്‌കറും ചേർന്നാണ് ആലപിച്ചത്. രാജേഷ് റോഷൻ ആണ് സംഗീതം നൽകിയത്.
4. ആലാ രേ ആലാ ഗോവിന്ദ ആല : ജാക്കി ഷ്രോഫ്, അനിൽ കപൂർ, ഫറാ നാസ്, കിമി കട്‌കർ എന്നിവർ അഭിനയിച്ച 1989ലെ 'കാലാ ബസാർ' എന്ന സിനിമയിൽ നിന്നുള്ളതാണ് ഗാനം. ഇന്ദിവർ രചിച്ച ഗാനം പിന്നണി ഗായകരായ അമിത് കുമാർ, ഷബീർ കുമാർ, സാധന സർഗം എന്നിവർ ചേർന്നാണ് ആലപിച്ചത്.
5. ജീതേഗ വോഹി ജിസ്മേ ഹേ ദാം : അജയ് ദേവ്‌ഗൺ, കരിഷ്‌മ കപൂർ എന്നിവർ അഭിനയിച്ച് 1993ൽ പുറത്തിറങ്ങിയ 'സംഗ്രം' എന്ന ചിത്രത്തിലെ കോളജ് ഗാനമാണിത്. പ്രശസ്‌ത ഗായകരായ കുമാർ സാനുവും കവിത കൃഷ്‌ണമൂർത്തിയും ചേർന്ന് ആലപിച്ച ഗാനത്തിന് നദീം-ശ്രാവൺ സംഗീതം നൽകി. ചിത്രത്തിൽ ആയിഷ ജുൽക്കയും വേഷമിട്ടിരുന്നു.
6. ആലാ ഗോവിന്ദ ആലാ : 'നാച്ച് ഗോവിന്ദ നാച്ച്' എന്ന ചിത്രത്തിലേതാണ് ഉദിത് നാരായൺ, ജയശ്രീ ശിവറാം എന്നിവർ ചേർന്ന് പാടിയ ഗാനം. ഗോവിന്ദയും മന്ദാകിനിയും ചേർന്ന് അഭിനയിച്ച ചിത്രം 1992ലാണ് പുറത്തിറങ്ങിയത്. സംഗീതസംവിധായകരായ അമർ-ഉത്പൽ എന്നിവർ ചേർന്ന് സംഗീതം നൽകിയ ഗാനത്തിന്‍റെ വരികൾ അഞ്ജാന്‍റേതായിരുന്നു.
7. ചാന്തീ കി ദാൽ പർ സോനേ കാ മോർ : സൽമാൻ ഖാനും റാണി മുഖർജിയും ചേർന്ന് അഭിനയിച്ച 1999ലെ 'ഹലോ ബ്രദർ' എന്ന ചിത്രത്തിലെ ഈ ഗാനം ദഹി ഹാൻഡിയിൽ ജനപ്രിയമാണ്. സൽമാൻ ഖാനും അൽക യാഗ്നികും ചേർന്ന് ആലപിച്ച ഗാനം സംഗീതസംവിധായകൻ ഹിമേഷ് രേഷ്‌മിയയുടെ ആദ്യ ഹിറ്റുകളിൽ ഒന്നാണ്.
8. ഗോ ഗോ ഗോവിന്ദ : നിരൂപക പ്രശംസ നേടിയ 'ഒഎംജി-ഓ മൈ ഗോഡ്' എന്ന ചിത്രത്തിലെ ഗാനമാണിത്. സൊനാക്ഷി സിൻഹയും പ്രഭു ദേവയുമാണ് ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത്. ശ്രേയ ഘോഷാലും അമൻ ത്രിഖയും ചേർന്ന് പാടിയ ഗാനം ഹിമേഷ് രേഷ്‌മിയയുടെ രചനയാണ്. മുതിർന്ന നടൻ പരേഷ് റാവലാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. സിനിമ നിർമിച്ച സൂപ്പർ സ്റ്റാർ അക്ഷയ് കുമാർ ചിത്രത്തിൽ ശ്രീകൃഷ്‌ണനായി അതിഥി വേഷത്തിൽ എത്തിയിരുന്നു.