ഗാന്ധിനഗർ: അഹമ്മദാബാദ് ബരേജ പ്രദേശത്ത് ഉണ്ടായ സ്ഫോടനത്തിൽ മധ്യപ്രദേശിലെ ഗുനയിൽ നിന്നുള്ള കുടുംബത്തിലെ കൂലിത്തൊഴിലാളികളായ ഏഴ് പേർ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്ക്. കൊല്ലപ്പെട്ടവർ ജോലി ആവശ്യവുമായാണ് ഗുജറാത്തിലെത്തിയത്.
ബരേജയിലെ ഫാക്ടറിയിൽ ജോലി ചെയ്ത് വന്നിരുന്ന ഒരേ കുടുംബത്തിൽ നിന്നുമുള്ള 10 പേർ ഒരു മുറിയിലാണ് താമസിച്ചിരുന്നത്. രാത്രി മുറിയിലെ എൽപിജി സിലിണ്ടറിൽ നിന്നുമുള്ള ഗ്യാസ് ചോർന്നതാണ് അപകടത്തിനിടയാക്കിയത്. കൂട്ടത്തിലുണ്ടായിരുന്നവരിൽ ഒരാൾ രാത്രി സ്വിച്ച് ഓൺ ചെയ്തപ്പോൾ സ്ഫോടനം ഉണ്ടാകുകയായിരുന്നു. 10 പേരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഏഴ് പേർ ആശുപത്രിയിൽ മരിച്ചു. മൂന്ന് പേർ ഇപ്പോഴും ചികിത്സയിലാണ്.
Also Read: ഭൂമിക്ക് നേരെ പാഞ്ഞെടുക്കുന്ന കൂറ്റന്‍ ഛിന്നഗ്രഹം; ഭൂമിയുമായി കൂട്ടിയിടിക്കുമോ?
സംഭവത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ അനുശോചനം രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾക്ക് നാല് ലക്ഷം രൂപയും മരണപ്പെട്ട കുട്ടികളുടെ ബന്ധുക്കൾക്ക് 2 ലക്ഷം രൂപയും മുഖ്യമന്ത്രി നഷ്ടപരിഹാരം പ്രഖ്യാപിച്ചു. സ്ഫോടനത്തിൽ പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് സർക്കാർ വഹിക്കുമെന്നും ശിവരാജ് സിങ് ചൗഹാൻ വ്യക്തമാക്കി. കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും സ്ഫോടനത്തെ തുടർന്നുണ്ടായ കൂലിത്തൊഴിലാളികളുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.