ചെന്നൈ : മിഷോങ് ചുഴലിക്കാറ്റിന്‍റെ (Cyclone Michaung) പശ്ചാത്തലത്തിൽ ചെന്നൈയിലും സമീപ ജില്ലകളിലും കനത്ത മഴ തുടരുന്നു. ചെന്നൈ നഗരത്തിലെ പ്രധാന പ്രദേശങ്ങൾ ഉൾപ്പടെയുള്ള ഇടങ്ങളിൽ വെള്ളം കയറി. റോയപ്പേട്ട, കോടമ്പാക്കം, വെസ്റ്റ് മാമ്പലം, ചിദാദ്രിപേട്ട് എന്നിവിടങ്ങളും പല സമീപ പ്രദേശങ്ങളും വെള്ളത്തിനടിയിലാണ് (cyclonic storm Heavy rains lash Chennai).
ചുഴലിക്കാറ്റിന്‍റെ ആഘാതത്തിൽ ചെന്നൈയിലും സമീപത്തെ ചെങ്കൽപേട്ട്, കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിലും ഞായറാഴ്‌ച വൈകിട്ട് മുതൽ വ്യാപകമായ മഴയാണ് ലഭിക്കുന്നത്. നാളെ (ഡിസംബർ 5) ഉച്ചതിരിഞ്ഞ് കര തൊടുന്ന മിഷോങ് ചുഴലിക്കാറ്റിനെതിരെ തമിഴ്‌നാട്ടിൽ അതീവ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ജനജീവിതം ദുസഹമാക്കി വെള്ളപ്പൊക്കം ഭീഷണിയാവുന്നു.
നിലവിൽ പല താഴ്‌ന്ന പ്രദേശങ്ങളും ജനവാസ കേന്ദ്രങ്ങളും വെള്ളത്തിനടിയിലാണ്. ശക്തമായ കാറ്റിനൊപ്പം പേമാരിയും പെയ്‌തതിനാൽ ചെന്നൈ നഗരത്തിലെ പല പ്രദേശങ്ങളിലും വൈദ്യുതിയും ഇന്‍റർനെറ്റും തടസപ്പെട്ടു. ചെന്നൈ വിമാനത്താവളത്തിലും അടിയന്തര ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
വിമാനത്താവളത്തിന്‍റെ പ്രവർത്തനം രാവിലെ 9.40 മുതൽ 11.40 വരെ നിർത്തിവച്ചു. നിർത്താതെ പെയ്യുന്ന മഴയെത്തുടർന്ന് വരുന്നതും പുറപ്പെടുന്നതുമായ 70 വിമാനങ്ങൾ റദ്ദാക്കി. റൺവേയും ടാർമാക്കും അടച്ചിട്ടിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. കൂടാതെ വിവിധ ട്രെയിൻ സർവീസുകളും റദ്ദാക്കിയിരിക്കുകയാണ്. വിവിധ ട്രെയിൻ - വിമാന സർവീസുകൾ കാലതാമസവും നേരിട്ടിരുന്നു.
READ ALSO: ചെന്നൈ തീരത്തെ മിഷോങ് ചുഴലിക്കാറ്റ് : ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി
അപകടനിലയ്‌ക്ക് മുകളിൽ വെള്ളം ഒഴുകുന്നതിനാൽ, സുരക്ഷ കണക്കിലെടുത്ത് ബേസിൻ ബ്രിഡ്‌ജിനും വ്യാസർപാടിക്കും ഇടയിലുള്ള പാലം നമ്പർ 14 താത്‌കാലികമായി അടച്ചു. ഡോ.എം.ജി.ആർ ചെന്നൈ സെൻട്രലിൽ നിന്ന് കോയമ്പത്തൂർ, മൈസൂരു ഉൾപ്പടെയുള്ള ലക്ഷ്യസ്ഥാനങ്ങളിലേക്ക് പുറപ്പെടുന്ന ആറ് ട്രെയിനുകളും തിങ്കളാഴ്‌ച റദ്ദാക്കി. എല്ലാ യാത്രക്കാർക്കും മുഴുവൻ റീഫണ്ടും നൽകുമെന്ന് രാവിലെ ദക്ഷിണ റെയിൽവേ അറിയിച്ചിരുന്നു.
അഹമ്മദാബാദ്, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള 12 ആഭ്യന്തര സർവീസുകൾ റദ്ദാക്കിയതായി വിമാനത്താവള അധികൃതർ അറിയിച്ചു. ദുബായിലേക്കും ശ്രീലങ്കയിലേക്കും ഉൾപ്പടെയുള്ള നാല് അന്താരാഷ്‌ട്ര സർവീസുകൾ സ്വകാര്യ വിമാനക്കമ്പനി റദ്ദാക്കിയിട്ടുണ്ട്. എത്തിയ മൂന്ന് രാജ്യാന്തര സർവീസുകൾ ബെംഗളൂരുവിലേക്ക് തിരിച്ചുവിട്ടു. വെള്ളപ്പൊക്കത്തെത്തുടർന്ന് നഗരത്തിലെ 14 സബ്‌വേകൾ അടച്ചിട്ടുണ്ടെന്ന് സിറ്റി പൊലീസ് അറിയിച്ചു.
READ MORE: മിഷോങ് തമിഴ്‌നാട്ടിലേക്ക്; നാളെ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്
11 സ്ഥലങ്ങളിൽ കടപുഴകി വീണ മരങ്ങൾ നീക്കം ചെയ്‌തതായി അധികൃതർ അറിയിച്ചു. നഗരത്തിലെ വേലാച്ചേരിയിൽ, നിലം ഇടിഞ്ഞുതാഴ്‌ന്ന് കുഴി ഉണ്ടാവുകയും അതില്‍ ആളുകൾ കുടുങ്ങിയതായും റിപ്പോർട്ടുണ്ട്. അതേസമയം നെല്ലൂർ, മച്ചിലിപട്ടണം (ആന്ധ്രപ്രദേശ്) എന്നിവയ്‌ക്കിടയിൽ ചുഴലിക്കാറ്റ് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി അടുത്ത ദിവസത്തോടെ തീവ്രമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.