ചെന്നൈ: മിഷോങ് ചുഴലിക്കാറ്റ് (Cyclone Michaung) ഇന്ന് തീരം തൊടും. ആന്ധ്രപ്രദേശിലെ എട്ട് ജില്ലകൾക്ക് ജാഗ്രത നിർദേശം. അതേസമയം മിഷോങ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയില്‍ തമിഴ്‌നാട്ടില്‍ വ്യത്യസ്‌ത സംഭവങ്ങളിലായി അഞ്ച് പേർ മരിച്ചു.
രണ്ട് പേർ വൈദ്യുതാഘാതമേറ്റ് മരിച്ചെന്നാണ് സൂചന. ബസന്ത് നഗറിൽ മരം വീണ് ഒരാൾ മരിച്ചു. ഒരു സ്ത്രീയും പുരുഷനുമടക്കം രണ്ട് പേരുടെ അജ്ഞാത മൃതദേഹങ്ങൾ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലായുള്ള മഴ ബാധിത പ്രദേശങ്ങളിൽ നിന്ന് കണ്ടെത്തി. ശക്തമായ കാറ്റിൽ സംസ്ഥാനത്ത് നിരവധി മരങ്ങൾ കടപുഴകി വീണു.
തെക്കൻ ജില്ലകളില്‍ പല സ്ഥലങ്ങളിലും വെള്ളക്കെട്ടും മറ്റ് പ്രശ്‌നങ്ങളും നേരിടുന്നതിനാൽ ജന ജീവിതം ദുരിതത്തിലാണ്. തെക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിശക്തമായ ന്യൂനമർദം മിഷോങ് ചുഴലിക്കാറ്റായി മാറുന്നതിന്‍റെ ഭാഗമായുള്ള കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലാണ് ജനജീവിതം ദുരിതത്തിലായത്.
ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ ചെന്നൈ വിമാനത്താവളം ഇന്ന് രാവിലെ 9 മണി വരെ അടച്ചിടും. നിരവധി ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. വാലാജ റോഡ്, മൗണ്ട് റോഡ്, അണ്ണാ സാലൈ, ചെപ്പോക്ക്, ഓമണ്ടുരാർ സർക്കാർ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി പരിസരം എന്നിവയുൾപ്പെടെ നിരവധി മറ്റ് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. രൂക്ഷമായ വെള്ളക്കെട്ട് കാരണം മൗണ്ട് റോഡ് മുതൽ മറീന ബീച്ച് വരെയുള്ള റോഡുകൾ തടസ്സപ്പെട്ടിരിക്കുകയാണ്.
നാല് ജില്ലകളിൽ ഇന്ന് പൊതു അവധി: ചുഴലിക്കാറ്റ് കണക്കിലെടുത്ത് ചെന്നൈ, ചെങ്കൽപട്ട്, കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിൽ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നാല് ജില്ലകളിലെയും പൊതുസ്ഥാപനങ്ങൾ, ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളും അടച്ചിടും. ജീവനക്കാരെ ഇന്ന് വരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവദിക്കണമെന്ന് സ്വകാര്യ സ്ഥാപനങ്ങളോട് സർക്കാർ നേരത്തെ അഭ്യർത്ഥിച്ചിരുന്നു.
എന്നിരുന്നാലും പോലീസ്, അഗ്നിശമനസേന, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, പാൽ, ജലവിതരണം, ആശുപത്രികൾ, മെഡിക്കൽ ഷോപ്പുകൾ, വൈദ്യുതി വിതരണം, ഗതാഗതം, ഇന്ധന ഔട്ട്‌ലെറ്റുകൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ തുടങ്ങിയ എല്ലാ അവശ്യ സേവനങ്ങളും ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഓഫീസുകളും തുറന്നു പ്രവർത്തിക്കും.
ദേശീയ ദുരന്ത നിവാരണ സേന(എൻഡിആർഎഫ്)യുടെ 21 ടീമുകളെ തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. കോസ്റ്റ് ഗാർഡ്, ആർമി, നേവി എന്നിവയുടെ രക്ഷാ ദുരിതാശ്വാസ ടീമുകളും കപ്പലുകളും വിമാനങ്ങളും സജ്ജരാണ്. ഇന്ത്യൻ റെയിൽവേ ദുരന്ത നിവാരണത്തിന്‍റെ ഭാഗമായി ട്രെയിൻ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ എമർജൻസി കൺട്രോൾ സെൽ രൂപീകരിച്ചിട്ടുണ്ട്.
Also read: ഇടിമിന്നല്‍, കനത്ത മഴ, അഞ്ച് മരണം, ചെന്നൈയിലെ പത്ത് ജില്ലകളില്‍ അതീവ ജാഗ്രത നിര്‍ദേശം