ഹൈദരാബാദ്: കസ്‌റ്റംസ്, സിബിഐ ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയില്‍ നിന്ന് 18 ലക്ഷം തട്ടിയെടുത്ത് സൈബര്‍ കുറ്റവാളികള്‍. ഹൈദരാബാദിലെ എല്‍ബി നഗറിലെ ഒരു ഐടി ഉദ്യോഗസ്ഥയാണ് വഞ്ചിക്കപ്പെട്ടത്. യുവതിയുടെ പേരില്‍ വന്ന പാര്‍സലില്‍ ലഹരിവസ്‌തുക്കള്‍ ഉണ്ടെന്ന് പറഞ്ഞ്, കസ്‌റ്റംസ് ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി ഒരാള്‍ വിളിക്കുന്നതോടുകൂടിയാണ് തട്ടിപ്പിന്‍റെ തുടക്കം.
എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ടെന്നും ഇയാള്‍ അറിയിക്കുന്നു. കുറച്ച് സമയത്തിന് ശേഷം വീണ്ടും ഇയാള്‍ വിളിക്കുന്നു. കേസ് രജിസ്റ്റര്‍ ചെയ്യാതിരിക്കണമെങ്കില്‍ സിബിഐ ഉദ്യോഗസ്ഥരുമായി രഹസ്യ ധാരണയുണ്ടാക്കണമെന്ന് ഇയാള്‍ യുവതിയോട് ആവശ്യപ്പെടുന്നു. കുറച്ചുസമയങ്ങള്‍ക്ക് ശേഷം മറ്റൊരാള്‍ സിബിഐ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് യുവതിയെ വിളിക്കുന്നു.
കേസ് രജിസ്റ്റര്‍ ചെയ്യാതിരിക്കാനുള്ള കരാറില്‍ എത്തണമെങ്കില്‍ പണം നല്‍കണമെന്ന് ഇയാള്‍ യുവതിയോട് പറയുന്നു. തുടര്‍ന്ന് സിബിഐ ഉദ്യോഗസ്ഥനാണെന്ന് കാണിക്കുന്ന വ്യാജ ഐഡി കാര്‍ഡും, കരാറിന്‍റെ കോപ്പിയും യുവതിക്ക് വാട്‌സ്‌ആപ്പ് വഴി അയക്കുന്നു. ഭയചികിതയായ യുവതി ഉടനെ തന്നെ രണ്ട് തവണയായി അഞ്ച് ലക്ഷം രൂപ ഇവര്‍ക്ക് അയച്ച് കൊടുക്കുന്നു.
തുടര്‍ന്ന് ഈ ട്രാന്‍സാക്ഷനുകളില്‍ സംശയം തോന്നിയ ബാങ്ക് ഉദ്യോഗസ്ഥര്‍ യുവതിയുടെ ബാങ്ക് അക്കൗണ്ട് താത്‌കാലികമായി ബ്ലോക്ക് ചെയ്‌തു. എന്നാല്‍ ബ്ലോക്ക് ചെയ്‌ത അക്കൗണ്ട് ഈ സൈബര്‍ കുറ്റവാളികള്‍ അണ്‍ബ്ലോക്ക് ചെയ്യുകയും യുവതി 13 ലക്ഷം കൂടി ഇവര്‍ക്ക് അയച്ച് കൊടുക്കുകയും ചെയ്യുന്നു. ആറ് മണിക്കൂര്‍ കൊണ്ടാണ് 18 ലക്ഷം രൂപ യുവതി ഈ സൈബര്‍ തട്ടിപ്പുകാര്‍ക്ക് അയച്ചുകൊടുക്കുന്നത്.
വീണ്ടും ഇവര്‍ പണം ആവശ്യപ്പെട്ടതോടുകൂടിയാണ് യുവതി രാചകൊണ്ട സൈബര്‍ പൊലീസില്‍ പരാതി കൊടുക്കുന്നത്. പ്രതികളെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.