ന്യൂഡല്‍ഹി: പുതിയ പാര്‍ട്ടി പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുക എന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി (സിഡബ്ല്യുസി) യോഗം ഇന്ന് ചേരും. മുന്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധിയെ സോണിയ ഗാന്ധിക്ക് പകരമായി നിയമിക്കമെന്ന അഭിപ്രായത്തിനാണ് പാര്‍ട്ടിയില്‍ മുന്‍തൂക്കം. ഗാന്ധികുടുംബത്തിനു പുറമെയുള്ള പാര്‍ട്ടി പ്രസിഡന്‍റിനെ തെരഞ്ഞെടുക്കാന്‍ രണ്ട് വര്‍ഷമായി നടത്തിയ ശ്രമങ്ങള്‍ വിജയിച്ചിട്ടില്ല. കഴിഞ്ഞ ആഗസ്റ്റില്‍ നടന്ന സിഡബ്ല്യുസി യോഗത്തില്‍ സോണിയ ഗാന്ധി സ്ഥാനമൊഴിയാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. പാര്‍ട്ടിയെ നയിക്കാന്‍ പൂര്‍ണസമയവും സന്നദ്ധതയുള്ള ഒരു പ്രസിഡന്‍റിനെ തെരഞ്ഞെടുക്കണമെന്ന ആവശ്യമുന്നയിച്ച് 23 ഓളം പ്രമുഖ പാര്‍ട്ടി നേതാക്കള്‍ കത്തെഴുതിയതിനു പിന്നാലെയായിരുന്നു സ്ഥാനമൊഴിയാനുള്ള സന്നദ്ധത സോണിയ അറിയിച്ചത്.
ഇന്ന് ചേരുന്നത് മുഴുവന്‍ അംഗ സിഡബ്ല്യുസിയുടെ യോഗമായിരിക്കും. യോഗത്തില്‍ 19 അംഗങ്ങള്‍, 26 സ്ഥിര ക്ഷണിതാക്കള്‍, കോണ്‍ഗ്രസ് പ്രസിഡന്റ് ഒഴികെയുള്ള ഒമ്പത് പ്രത്യേക ക്ഷണിതാക്കള്‍ എന്നിവര്‍ പങ്കെടുക്കും. ഓഗസ്റ്റ് 23 ന് സിഡബ്ല്യുസി യോഗം നടത്തിയപ്പോള്‍ സോണിയ ഗാന്ധി തന്‍റെ പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. പാര്‍ലമെന്‍റിന്‍റെ സുപ്രധാന ബജറ്റ് സമ്മേളനത്തിന് ദിവസങ്ങള്‍ക്ക് മുമ്പാണ് സിഡബ്ല്യുസി യോഗം വരുന്നത്.