വിശാഖപട്ടണം: മിഠായി കവറിനകത്ത് മിഠായിയോടൊപ്പം കളിപ്പാട്ടം കൂടി സമ്മാനിച്ച് കുട്ടികളുടെ ഹരമായി മാറിയ ഒത്തിരി ബ്രാന്‍ഡുകളുണ്ട്. വാര്‍ഷികവും വിപണിയിലെ നാഴികകല്ലുകളും പിന്നിട്ട പ്രത്യേക വേളകളില്‍ ഉത്‌പന്നങ്ങള്‍ക്ക് അകത്ത് സ്വര്‍ണനാണയങ്ങളും ആകര്‍ഷകമായ സമ്മാനങ്ങളും ഒളിപ്പിച്ച് ഉപഭോക്താക്കളെ ത്രില്ലടിപ്പിക്കുന്ന കമ്പനികളുമുണ്ട്.
എന്നാല്‍ വാഷിങ് മെഷീന്‍ പോലുള്ള ഇലക്‌ട്രോണിക് ഉപകരണത്തിനകത്ത് കെട്ടുകണക്കിന് പണവും മൊബൈല്‍ഫോണുകളും ഒളിപ്പിച്ച് ഏവരെയും ഞെട്ടിച്ച സംഭവമാണ് കഴിഞ്ഞദിവസം വിശാഖപട്ടണത്ത് അരങ്ങേറിയത്. എന്നാല്‍ ഉപഭോക്താവിനുള്ള സര്‍പ്രൈസ് സമ്മാനം എന്നതിന് പകരം കള്ളക്കട്ടത്തായിരുന്നുവെന്ന വ്യത്യാസം മാത്രം.
പിടിവീഴുന്നത് ഇങ്ങനെ: നഗരത്തിലെ ദൊണ്ടപര്‍ത്തിയിലുള്ള ഇലക്‌ട്രോണിക്‌സ് ഷോറൂമില്‍ നിന്നും സാധനങ്ങളുമായി പോവുന്ന വാഹനത്തില്‍ അനധികൃതമായി പണം കടത്തുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിക്കുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ എന്‍എഡി കവലയില്‍ വച്ച് ഇലക്‌ട്രോണിക് ഷോറൂമിലെ വാഹനം പൊലീസ് തടഞ്ഞു. ഷോറൂമില്‍ നിന്നും വിജയവാഡയിലെ ഹെഡ് ഓഫീസിലേക്ക് കൊണ്ടുപോവുന്ന ആറ് വാഷിങ് മെഷീനുകളാണെന്നായിരുന്നു വിശദീകരണം.
എന്നാല്‍ സംശയനിവാരണത്തിനായി പൊലീസ് പൊലീസ് ഇവ ഓരോന്നിന്‍റെയും കെട്ടഴിച്ച് പരിശോധിച്ചപ്പോഴാണ് രണ്ട് വാഷിങ് മെഷീനുകളുടെ അകത്ത് സൂക്ഷിച്ച 1.30 കോടി രൂപ അഞ്ച് കെട്ടുകളായും 30 പായ്‌ക്കറ്റുകളിലായി മൊബൈല്‍ഫോണുകളും കണ്ടെത്തുന്നത്. ഇതില്‍ തന്നെ നോട്ടുകെട്ടുകള്‍ അടുക്കിവച്ച് തെര്‍മോകോള്‍ ഷീറ്റുകളുപയോഗിച്ച് മറച്ച നിലയിലായിരുന്നു. ഡ്രൈവറും ക്ലീനറും ഉള്‍പ്പടെ രണ്ടുപേര്‍ ക്യാബിനിലുണ്ടായിരുന്ന വാഹനത്തിന് പിന്നിലായി ഇരുചക്ര വാഹനത്തില്‍ മറ്റൊരാള്‍ കൂടി വാഹനത്തെ പിന്തുടര്‍ന്നിരുന്നു. പണവും മൊബൈല്‍ഫോണുകളും കണ്ടെടുത്തതോടെ പൊലീസ് ഇവര്‍ മൂന്നുപേരെയും കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്.
പിടികൂടിയത് ഹവാല പണമോ: വാഷിങ് മെഷീനകത്ത് പണം കടത്തിയ സംഭവം പുറത്തുവന്നതോടെ, അടുത്ത് തന്നെ നടക്കാനിരിക്കുന്ന തെലങ്കാന അസംബ്ലി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ഹവാല പണം കടത്താണ് ഇതെന്ന രീതിയിലുള്ള വാര്‍ത്തകളും സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുന്നതിനായുള്ള പണവും മൊബൈല്‍ഫോണുകളുമാണിതെന്നും പ്രചരണങ്ങള്‍ കനക്കുന്നുണ്ട്. എന്നാലിത് ഹവാല പണമോ കള്ളക്കടത്ത് മുതലോ അല്ലെന്നാണ് കമ്പനി എംഡിയുടെ വിശദീകരണം.
രേഖകളുണ്ടെന്ന് ഉടമ: ദസറ ഉത്സവത്തോടനുബന്ധിച്ചുള്ള വിപണിയില്‍ നിന്ന് ലഭിച്ച പണം ഉത്തരാന്ധ്രയില്‍ നിക്ഷേപിക്കുന്നതിന് സാങ്കേതിക തടസം വന്നതിനാലാണ് പണം വിജയവാഡയിലേക്ക് അയച്ചത്. ഇതിന് കൃത്യമായ രേഖകളും കൈവശമുണ്ട്. ഈ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കിയതാണെന്നും ബന്ധപ്പെട്ട അധികാരികള്‍ കണ്ട് ബോധ്യപ്പെട്ടതാണെന്നും കമ്പനി എംഡി പറഞ്ഞു. എന്നാല്‍ ഇത്തരത്തില്‍ യാതൊരു വിവരവും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് വിശാഖ വെസ്‌റ്റ് എസിപി നരസിംഹ മൂര്‍ത്തി അറിയിച്ചു.
ബുധനാഴ്‌ച രാത്രി 7.30 വരെ ഇത്തരത്തിലുള്ള വിവരങ്ങളുമായി ആരുംതന്നെ ഞങ്ങളെ സമീപിച്ചിട്ടില്ല. നിയമപ്രകാരം പിടികൂടിയ പണവും മൊബൈല്‍ഫോണുകളും ഞങ്ങള്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയിട്ടുണ്ട്. ഇനി ഉടമസ്ഥാവകാശം വ്യക്തമാക്കാനുള്ള തെളിവുകള്‍ അവര്‍ കോടതിക്ക് മുമ്പാകെ ഹാജരാക്കണം. പണത്തിനെ സംബന്ധിച്ച് ജിഎസ്‌ടി, ആദായ നികുതി വകുപ്പ് എന്നിവരെ തങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും അവര്‍ അത് സംബന്ധിച്ച് അന്വേഷിക്കുമെന്നും എസിപി നരസിംഹ മൂര്‍ത്തി കൂട്ടിച്ചേര്‍ത്തു.