ഹൈദരാബാദ്: കൊവിഡ് വ്യാപനത്തിൽ സർക്കാരിന്‍റെ നടപടികളിൽ അതൃപ്‌തി രേഖപ്പെടുത്തി തെലങ്കാന ഹൈക്കോടതി. അടുത്ത 48 മണിക്കൂറിനുള്ളിൽ രാത്രി കർഫ്യൂവോ വാരാന്ത്യ ലോക്ക്ഡൗണോ ഏർപ്പെടുത്തുന്നതിന് അന്തിമ തീരുമാനമെടുക്കാൻ കെ. ചന്ദ്രശേഖർ റാവുവിന്‍റെ നേതൃത്വത്തിലുള്ള സർക്കാരിനോട് കോടതി നിർദേശിച്ചു. അനുവദിച്ച സമയപരിധിക്കുള്ളിൽ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി സർക്കാരിന് മുന്നറിയിപ്പ് നൽകി. തീരുമാനത്തിലെത്തിയില്ലെങ്കില്‍ കര്‍ശന ഉത്തരവുകൾ പുറപ്പെടുവിക്കാൻ നിർബന്ധിതമാകുമെന്നും തെലങ്കാന സര്‍ക്കാരിനോട് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി.
തെരഞ്ഞെടുപ്പ് റാലികൾ, സിനിമാ തിയറ്ററുകൾ, ഷോപ്പിങ് മാളുകൾ തുടങ്ങിയ ഇടങ്ങളിൽ ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കാൻ സർക്കാർ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്നും കോടതി ആരാഞ്ഞു. മാസ്‌ക്ക് ധരിക്കാത്തവർക്ക് 1,000 രൂപ പിഴ ഈടാക്കുെമന്ന് സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 39,154 ആണ്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,838 ആയി.