മുംബൈ : ആഢംബര കപ്പലിലെ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികളെ ഇനിയും പിടികൂടാനുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ മുംബൈ ഡയറക്‌ടർ സമീർ വാങ്കഡെ.
'ഇനിയും പ്രതികളെ പിടികൂടാനുണ്ട്. കേസിൽ പിടികൂടിയ എട്ട് പേരെ കോടതിയിൽ ഹാജരാക്കി. അതിൽ പേരെ നാല് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിൽ വിട്ടിട്ടുണ്ട്', സമീർ വാങ്കഡെ പറഞ്ഞു.
ഒക്‌ടോബർ 2 നാണ് ഗോവയിലേക്ക് പോവുകയായിരുന്ന കോർഡിലിയ ക്രൂയിസിന്‍റെ 'ദി എംപ്രസ്' എന്ന ആഡംബര കപ്പലിൽ വച്ചുനടന്ന പാർട്ടിയിൽ നിന്നാണ് എന്‍സിബി ലഹരിമരുന്ന് കണ്ടെടുത്തത്. 13 ഗ്രാം കൊക്കെയ്‌ന്‍, 21 ഗ്രാം ചരസ്, 22 എംഡിഎംഎ ഗുളികള്‍, അഞ്ച് ഗ്രാം എംഡി എന്നിവയാണ് പിടിച്ചെടുത്തത്.
ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യൻ ഖാൻ ഉള്‍പ്പടെ എട്ട് പേരാണ് കേസില്‍ അറസ്റ്റിലായത്. ഇതിൽ ആര്യൻ ഖാൻ, അർബാസ് സേത്ത് മർച്ചന്‍റ്, മൻമുൻ ധമേച്ച എന്നിവരുൾപ്പെടെ മൂന്ന് പ്രതികളെയാണ് മുംബൈയിലെ എസ്പ്ലാനേഡ് കോടതിയിൽ ഹാജരാക്കിയത്. ഇവരെ ഈമാസം 7 വരെ എന്‍സിബി കസ്റ്റഡിയിൽ വിട്ടു.
ALSO READ : ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി : ആര്യന്‍ ഖാന്‍റെ എന്‍സിബി കസ്റ്റഡി ഒക്ടോബര്‍ 7 വരെ നീട്ടി
അതേ സമയം ആര്യന്‍ ഖാന്‍റെ പക്കല്‍ നിന്ന് ഒന്നും കണ്ടെത്തിയിട്ടില്ലെന്നും വാട്ട്സ് ആപ്പ് ചാറ്റിന്‍റെ അടിസ്ഥാനത്തില്‍ മാത്രം കസ്റ്റഡി ആവശ്യപ്പെടാനാകില്ലെന്നും ആര്യന്‍ ഖാന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സതീഷ് മനേന്‍ഷിന്‍ഡെ വാദിച്ചു.