ന്യൂഡല്‍ഹി: ഇന്‍റലിജന്‍സ് ബ്യൂറോ ഡയറക്‌ടറുടെ വസതിയില്‍ ഡ്യൂട്ടിയ്‌ക്കെത്തിയ സിആര്‍പിഎഫ് ജവാന്‍ സര്‍വീസ് റൈഫിള്‍ ഉപയോഗിച്ച് സ്വയം വെടിവെച്ചു. അസിസ്‌റ്റന്‍റ് സബ് ഇന്‍സ്‌പെക്‌ടര്‍ രജ്‌ബീര്‍ കുമാറാണ് (53) ഇന്നലെ വൈകുന്നേരം 4.15ഓടെ ആത്മഹത്യ ചെയ്‌തത്. ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു.
പോസ്‌റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സിആര്‍പിഎഫ് കോണ്‍സ്‌റ്റബിളായിരുന്ന നരേഷ് ജാട്ടും കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ സമാനമായ രീതിയില്‍ ആത്മഹത്യ ചെയ്‌തിരുന്നു. തുടര്‍ന്ന് നരേഷ് ജാട്ടിന്‍റെ മകളുടെ +2 വരെയുള്ള വിദ്യാഭ്യാസം ഏറ്റെടുത്തുകൊള്ളാമെന്നും ഭാര്യ പുര്‍വിവാഹം ചെയ്യുന്നത് വരെ പെന്‍ഷന്‍ നല്‍കികൊള്ളാമെന്നും ഇവരുടെ താമസത്തിനായി സര്‍ക്കാര്‍ വസതി ഒരുക്കി നല്‍കുമെന്നും സിആര്‍പിഎഫ് അറിയിച്ചിരുന്നു.
ജവാന്‍മാര്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ആത്മഹത്യ തടയാന്‍ ആഭ്യന്തര മന്ത്രാലയം ടാസ്‌ക് ഫോഴ്‌സിനെ നിയോഗിച്ചിട്ടുണ്ട്. ജോലിസ്ഥലത്ത് അധിക്ഷേപിക്കുന്ന തരത്തിലുള്ള ഭാഷ പ്രയോഗങ്ങളോ, ഭീഷണിപ്പെടുത്തലോ, ഒറ്റപ്പെടുത്തലോ ഉണ്ടാവാന്‍ പാടുള്ളതല്ലെന്നും മന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കി. കൂടാതെ, ജവാന്‍മാര്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങളായ ബാരക്ക്, കുളിമുറി, ടോയിലറ്റ്, പൊതുവായി ഉപയോഗിക്കുന്ന ഹാള്‍, കായിക സൗകര്യങ്ങള്‍ തുടങ്ങിയവ ഉറപ്പാക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
ജോലിസ്ഥലങ്ങളില്‍ ഉണ്ടാവുന്ന ഭയം, പരാജയം തുടങ്ങിയവ കൈകാര്യം ചെയ്യുന്നതില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പങ്ക് വളരെ പ്രധാനമാണെന്ന് മന്ത്രാലയം കണ്ടെത്തിയിട്ടുണ്ട്. ശിക്ഷ നടപടികള്‍ നല്‍കുന്നതിന് പകരം ജവാന്‍മാര്‍ നേരിടുന്ന പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുവാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കായി പരീശീലനം സംഘടിപ്പിക്കാനും സിആർപിഎഫ് തീരുമാനിച്ചു. ചിട്ടയായ വ്യായാമം, സുതാര്യമായ ട്രാന്‍ഫര്‍ പോളിസി, സുതാര്യമായ മെഡിക്കല്‍ സംവിധാനം തുടങ്ങിയവ ഉറപ്പാക്കുവാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മന്ത്രാലയത്തിന്‍റെ പ്രസ്‌താവനയില്‍ വ്യക്തമാക്കുന്നു.
കുടുംബത്തില്‍ നിന്ന് ദീര്‍ഘകാലം വേര്‍പിരിഞ്ഞ് നില്‍ക്കുക എന്നത് എല്ലാ റാങ്കിലുമുള്ള ആളുകള്‍ നേരിടുന്ന പ്രശ്‌നമാണ്. അതിനാല്‍ ജവാന്‍മാര്‍ക്ക് കൃത്യസമയത്ത് അവധി അനുവദിച്ച് നല്‍കേണ്ടത് അനിവാര്യമാണ്. അതിനാല്‍, യഥാസമങ്ങളില്‍ ഒഴിവ് തസ്‌തികകള്‍ നികത്തിയാല്‍ മാത്രമെ ഇത് സാധ്യമാകുകയുള്ളുവെന്ന് അധികൃതര്‍ കണ്ടെത്തി.