മുംബൈ : മഹാരാഷ്ട്രയിൽ ലോക്ക്ഡൗണ്‍ ഇളവുകൾ അനുവദിച്ച സാഹചര്യത്തിൽ വിനോദ സഞ്ചാരികൾ കൂട്ടത്തോടെ എത്തുന്നത് കൊവിഡിന്‍റെ ഡെൽറ്റ പ്ലസ് വകഭേദം വർധിക്കാൻ കാരണമാകുമെന്ന് വിദഗ്ധർ. സംസ്ഥാനത്ത് മൺസൂൺ ആരംഭിച്ചതോടെ പല വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഒട്ടേറെ സഞ്ചാരികൾ എത്തുന്നുണ്ട്.
പാൽഘർ ജില്ലയിലെ വാഡ-ഖഡ്കോണ ഗ്രാമത്തിലെ ആശേരി കോട്ടയിൽ ധാരാളം സഞ്ചാരികൾ എത്തിത്തുടങ്ങിയിട്ടുണ്ട്. മഴക്കാലമായതിനാൽ സംസ്ഥാനത്തെ വെള്ളച്ചാട്ടങ്ങൾ സജ്ജീവമായതിനാൽ ഇത് ആസ്വദിക്കാനും ധാരാളം പേര്‍ എത്തുന്നു.
വിദർഭയിലെ വിനോദസഞ്ചാര കേന്ദ്രമായ ചിഖൽദാരയിലും ധാരാളം സഞ്ചാരികൾ എത്തുന്നുണ്ട്. ലാപ്പൂരിലെ അംബോലി ഘട്ട്, ഫോണ്ട ഘട്ട്, നാസിക് ജില്ലയിലെ ഇഗത്പുരി, പൂനെ ജില്ലയിലെ ലോനാവ്ല, മൽഷെജ്, ജുന്നാർ എന്നിവിടങ്ങളിലും കൊവിഡ് വകവെയ്ക്കാതെ വിനോദസഞ്ചാരികൾ എത്തുന്നുണ്ട്.
READ MORE: 'ഡെൽറ്റ പ്ലസ്' വകഭേദം: ആശങ്കപ്പെടേണ്ടതില്ലെന്ന് മഹാരാഷ്‌ട്ര കൊവിഡ് ടാസ്‌ക് ഫോഴ്‌സ്
അതേസമയം സംസ്ഥാനത്ത് 21 രോഗികളിൽ ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയതായി ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ അറിയിച്ചു. രത്‌നഗിരിയിൽ 9, ജൽഗാവിൽ 7, മുംബൈയിൽ 2 എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം.
കൊവിഡിന്‍റെ 'ഡെൽറ്റ പ്ലസ്' വകഭേദം സംസ്ഥാനത്ത് അധികം റിപ്പോർട്ട് ചെയ്‌തിട്ടില്ലെങ്കിലും ഇതിന്‍റെ വ്യാപനത്തിന്‍റെ തോത് അധികമാണെന്നാണ് മെഡിക്കൽ സംഘം അറിയിച്ചിരിക്കുന്നത്.
ഡെൽറ്റ അഥവാ ബി .1.617.2 വകഭേദത്തിന്‍റെ ജനിതകഘടനയിൽ വ്യതിയാനം സംഭവിച്ചാണ് 'ഡെൽറ്റ പ്ലസ്' വകഭേദം ഉണ്ടായത്. ഇന്ത്യയിലാണ് ഇത് ആദ്യമായി സ്ഥിരീകരിച്ചത്.