ശ്രീ ഗംഗാനഗർ (രാജസ്ഥാൻ) : സീമ ഹൈദർ കേസ് കെട്ടടങ്ങും മുന്നേ അതിർത്തി കടന്ന് മറ്റൊരു ഒരു പ്രണയകഥ കൂടി. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് രാജസ്ഥാനിലുളള കാമുകനായ റോഷന്‍റെ വീട്ടിൽ താമസിക്കാൻ അതിർത്തി കടന്നെത്തിയിരിക്കുകയാണ് ബംഗ്ലാദേശ് സ്വദേശിനിയായ ഹബീബ എന്ന ഹണി. ബംഗ്ലാദേശിൽ നിന്ന് കൊൽക്കത്ത-ഡൽഹി വഴി രാജസ്ഥാനിലുളള അനുപ്‌ഗഡിലേക്കാണ് കാമുകനെ തേടി യുവതി എത്തിയത്.
അതേസമയം രണ്ട് ദിവസം മുൻപ് തങ്ങളുടെ വീട്ടിലെത്തിയ ഹബീബയെ സ്വീകരിക്കാനുളള മാനസികാവസ്ഥയില്ലെന്നും തന്‍റെ മകൻ വിവാഹിതനായിട്ട് രണ്ട് വർഷമായെന്നും ഏഴ് മാസം പ്രായമുള്ള കുട്ടി അവനുണ്ടെന്നും റോഷന്‍റെ അമ്മ പറഞ്ഞു.
സംഭവം ഇങ്ങനെ : അനുപ്‌ഗഡ് ജില്ലയിലെ റൗള മണ്ഡിയിലെ 13 ഡിഒഎൽ ഗ്രാമത്തിലാണ് അതിർത്തികൾ ഭേദിച്ച പ്രണയകഥ നടക്കുന്നത്. രണ്ട് ദിവസമായിട്ട് റോഷന്‍റെ വീട്ടിൽ ഹബീബ താമസിക്കുന്ന വിവരം അയൽവാസികളിൽ ഒരാൾ പൊലീസിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. റാവാല പൊലീസ് സ്‌റ്റേഷനിലേക്ക് ഹബീബയെയും റോഷനെയും വിളിച്ചുവരുത്തി ചോദ്യം ചെയ്‌തു. താൻ ബംഗ്ലാദേശിൽ നിന്ന് കൊൽക്കത്ത-ഡൽഹി വഴി ബിക്കാനീറിൽ എത്തുകയായിരുന്നു എന്നാണ് ഹബീബ പൊലീസിനോട് പറഞ്ഞത്.
അതേസമയം ടൂറിസ്‌റ്റ് വിസയുള്ള ഹബീബയോട് ബംഗ്ലാദേശിലെ വീട്ടിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടപ്പോൾ വിസയുടെ കാലാവധി തീരുന്നത് വരെ താൻ തിരിച്ചുപോകില്ലെന്ന് വാശിപിടിച്ചതായും തിരികെ പോയാൽ താൻ അപമാനിതയാവുമെന്ന് ഹബീബ പറഞ്ഞതായും റോഷന്‍റെ സഹോദരി പറഞ്ഞു. ഹബീബയ്ക്ക് ടൂറിസ്‌റ്റ് വിസയുണ്ടെന്നും ഇവരില്‍ നിന്ന് ബംഗ്ലാദേശ് കറൻസി കണ്ടെടുത്തെന്നും റാവാല പൊലീസ് സ്‌റ്റേഷൻ ഓഫിസർ രമേഷ് കുമാർ പറഞ്ഞു. എന്നാൽ ചാരവൃത്തിക്കുളള സാധ്യത കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണത്തിൽ മാത്രമേ സത്യം പുറത്തുവരുകയുളളൂ എന്നും രമേഷ് കുമാർ വ്യക്തമാക്കി.
വിവാദമായ സീമ ഹൈദർ കേസ് : ഈ വർഷം മെയിലാണ് ഏഴ് വയസിന് താഴെയുള്ള തന്‍റെ നാല് മക്കളെയും കൊണ്ട് പാക്കിസ്ഥാൻ യുവതിയായ സീമ ഹൈദർ നേപ്പാൾ വഴി ഇന്ത്യയിലെത്തിയത് (The controversial Seema Haider case). ഗ്രേറ്റർ നോയിഡയിലെ തന്‍റെ ഭർത്താവായ സച്ചിൻ മീനക്കൊപ്പം ജീവിക്കാനാണ് അതിർത്തി കടന്ന് യുവതി ഇന്ത്യയിലെത്തിയത്.
2019-20 വർഷത്തിലാണ് സീമ ഹൈദർ ഓൺലൈൻ ഗെയിമായ പബ്‌ജി വഴി ഇന്ത്യൻ പൗരനായ സച്ചിൻ മീനയെ പരിചയപ്പെടുന്നത്. വിവാഹ മോചിതയായ സീമ ഹൈദറിന് നാല് മക്കളാണ് ഉളളത്. ഇരുവരുടെയും സൗഹൃദം പ്രണയത്തിൽ എത്തിചേരുകയും പിന്നാലെ സീമ നേപ്പാളിലെത്തുകയുമായിരുന്നു. തുടർന്ന് മാർച്ചിൽ നേപ്പാളിലെ പശുപതി ക്ഷേത്രത്തിൽ വച്ച് സച്ചിൻ മീന യുവതിയെ വിവാഹം ചെയ്‌തിരുന്നു.
വിവാഹത്തിന് പിന്നാലെ ഇരുവരും സ്വദേശങ്ങളിലേക്ക് മടങ്ങി. പിന്നീട് രണ്ട് മാസത്തിന് ശേഷമാണ് സീമ ഭർത്താവിനൊപ്പം ജീവിക്കാനായി ഇന്ത്യയിലെത്തിയത്. ഗ്രേറ്റർ നോയിഡയിൽ കഴിഞ്ഞ യുവതിയെ പൊലീസ് അറസ്‌റ്റ് ചെയ്‌ത് രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ചെന്നാരോപിച്ച് കേസെടുത്തിരുന്നു. അനധികൃതമായി ഇന്ത്യയിലെത്തിയ യുവതിക്കും മക്കൾക്കും അഭയം നൽകിയെന്ന് ചൂണ്ടിക്കാട്ടി സച്ചിൻ മീനക്കെതിരെ കേസെടുത്തിരുന്നു പൊലീസ്.