ന്യൂഡൽഹി: രാജ്യത്ത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുത്തനെ വർധിച്ചതായി കണക്കുകൾ. 2022-ൽ ഇന്ത്യയിലൊട്ടാകെ സ്ത്രീകൾക്കെതിരായ 4,45,256 കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്യപ്പെട്ടതായാണ് കണക്ക്. മുൻവർഷത്തെ അപേക്ഷിച്ച് 4 % വർധനവാണിത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയാണ് (National Crime Records Bureau) കണക്ക് പുറത്തുവിട്ടത്.
എൻസിആർബി (NCRB Annual Crime Report) പുറത്തുവിട്ട വാർഷിക കുറ്റകൃത്യ റിപ്പോർട്ടിലെ കണക്കുകൾ പ്രകാരം ഒരു ലക്ഷം ജനസംഖ്യയിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ നിരക്ക് 66.4 % ആണ്. ഓരോ മണിക്കൂറിലും ഏകദേശം 51 എഫ്‌ഐആറുകൾ എന്ന വിധത്തിലാണ് കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടത്.
റിപ്പോർട്ട് ചെയ്യപ്പെട്ട കുറ്റകൃത്യങ്ങളിൽ ഭൂരിഭാഗവും ഭർത്താവോ ഭർത്താവിന്‍റെ ബന്ധുക്കളോ ഉൾപ്പെടുന്നവയാണ് (31.4 ശതമാനം). സ്ത്രീകളെ തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട കേസുകൾ 19.2 ശതമാനമാണ്. 18.7 ശതമാനം സ്ത്രീകൾക്കെതിരായ കൈയേറ്റവും 7.1 ശതമാനം ബലാത്സംഗക്കേസുകളുമാണെന്നും എൻസിആർബി കണക്കുകളിലുണ്ട്.
Also Read: കേരളത്തിൽ സ്ത്രീകൾക്കെതിരായ അതിക്രമം കുറഞ്ഞുവെന്ന് മുഖ്യമന്ത്രി
റിപ്പോർട്ട് പ്രകാരം സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമല്ലാത്ത നഗരം രാജ്യതലസ്ഥാനമായ ഡൽഹിയാണ്. ഇവിടെ 2022 ല്‍ 14,247 കേസുകളാണ് രേഖപ്പെടുത്തിയത്. 144.1 ശതമാനമാണ് ഡൽഹിയിലെ കുറ്റകൃത്യങ്ങളുടെ നിരക്ക്. രാജ്യത്ത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഇന്ത്യയുടെ ശരാശരി നിരക്ക് 66.4 എന്നിരിക്കെയാണ് ഡൽഹിയിൽ മാത്രം ഇത്രയധികം കുറ്റകൃത്യങ്ങൾ.
സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കുറ്റകൃത്യങ്ങളുടെ കണക്കിൽ ഉത്തർപ്രദേശാണ് മുൻപന്തിയിൽ. 2022-ൽ ഇവിടെ 65,743 എഫ്ഐആറുകളാണ് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യപ്പെട്ടത്. 45,331 കേസുകളുമായി മഹാരാഷ്ട്രയാണ് തൊട്ടുപിന്നിൽ. 45,058കേസുകൾ രജിസ്റ്റർ ചെയ്‌ത രാജസ്ഥാനാണ് മൂന്നാം സ്ഥാനത്ത്. പശ്ചിമ ബംഗാൾ (34,738), മധ്യപ്രദേശ് (32,765) എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ. കഴിഞ്ഞ വർഷം ഇന്ത്യയിൽ രജിസ്റ്റർ ചെയ്യപ്പെട്ട മൊത്തം കേസുകളിൽ 2,23,635 കേസുകളും (50.2 %) ഈ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്.
അതേസമയം കേരളമടക്കം 12 ഇടങ്ങളിൽ കുറ്റകൃത്യങ്ങളുടെ നിരക്ക് ദേശീയ ശരാശരിയായ 66.4 നേക്കാൾ കൂടുതലാണ്. ഡൽഹി (144.4), ഹരിയാന (118.7), തെലങ്കാന (117), രാജസ്ഥാൻ (115.1), ഒഡീഷ (103), ആന്ധ്രാപ്രദേശ് (96.2), ആൻഡമാൻ നിക്കോബാർ ദ്വീപുകൾ (93.7), കേരളം (82), അസം (81) മധ്യപ്രദേശ് (78.8), ഉത്തരാഖണ്ഡ് (77), മഹാരാഷ്ട്ര (75.1), പശ്ചിമ ബംഗാൾ (71.8) എന്നിങ്ങനെയാണ് ഈ കണക്കുകൾ.