വിജയപുര(കർണാടക): ഇന്ത്യൻ വനിത ക്രിക്കറ്റ് താരം രാജേശ്വരി ഗെയ്‌ക്‌വാദ് സൂപ്പർ മാർക്കറ്റ് ജീവനക്കാരുമായി ഏറ്റുമുട്ടിയെന്ന വാർത്തയിൽ പ്രതികരണവുമായി വിജയപുര എസ്‌പി എച്ച്‌ഡി ആനന്ദകുമാർ. രാജേശ്വരി ഗെയ്‌വാദും സൂപ്പർ മാർക്കറ്റ് ജീവനക്കാരും തമ്മിൽ തർക്കത്തിൽ ഏർപ്പെട്ടെന്ന വാർത്ത ശരിയാണെന്നും എന്നാൽ സംഭവത്തിൽ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഇക്കാര്യം പുറംലോകമറിഞ്ഞത്.
കർണാടകയിലെ വിജയപുരയിലെ സൂപ്പർ മാർക്കറ്റിലായിരുന്നു സംഭവം. സ്റ്റേഷനറി സാധനങ്ങൾ വാങ്ങാനായി കടയിലെത്തിയ രാജേശ്വരി ഗെയ്‌ക്‌വാദും സുഹൃത്തും കടയുടമയുമായി വാക്കേറ്റത്തിൽ ഏർപ്പെടുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. വാക്കുതർക്കത്തിന് ശേഷം സൂപ്പർമാർക്കറ്റിൽ നിന്ന് രാജേശ്വരി ഗെയ്‌വാദ് പോയെങ്കിലും പിന്നാലെ താരത്തിന്‍റ ചില സുഹൃത്തുക്കൾ സൂപ്പർ മാർക്കറ്റിൽ അതിക്രമിച്ച് കയറി ജീവനക്കാരെ ആക്രമിക്കുകയായിരുന്നു എന്ന് ജീവനക്കാർ പറഞ്ഞു.
തുടർന്ന് സൂപ്പർ മാർക്കറ്റ് ജീവനക്കാർ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വിടുകയും ഇക്കാര്യം പൊലീസിൽ അറിയിക്കുകയുമായിരുന്നു. അതേസമയം പരാതി ലഭിച്ചാൽ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് എസ്‌പി ആനന്ദകുമാർ പറഞ്ഞു. എന്നാൽ ഇരു കൂട്ടരും പരാതി നൽകാതെ പ്രശ്‌നം രമ്യമായി പരിഹരിച്ചതായാണ് വിവരം.
അതേസമയം തങ്ങൾ സൂപ്പർമാർക്കറ്റിൽ പോയിരുന്നു എന്നും എന്നാൽ വാർത്തകളിൽ പ്രചരിക്കുന്നതുപോലെ പ്രശ്‌നങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നും രാജേശ്വരി ഗെയ്‌വാദ് പ്രതികരിച്ചു.