തിരുവനന്തപുരം : ഇന്ത്യയില്‍ നടക്കാന്‍ പോകുന്ന ഏകദിന ലോകകപ്പ് ക്രിക്കറ്റ് ആവേശത്തിന്‍റെ കലാശപ്പോരാട്ട വിജയികള്‍ക്കുള്ള ചാമ്പ്യന്‍സ് ട്രോഫി എത്തിയിരിക്കുകയാണ് സാക്ഷാല്‍ തിരുവനന്തപുരത്ത്. തിരുവനന്തപുരം മുക്കോലയ്ക്കല്‍ സെന്‍റ് തോമസ് സെന്‍ട്രല്‍ സ്‌കൂളില്‍ എത്തിയ ട്രോഫിയെ ആഘോഷങ്ങളോടെയാണ് വിദ്യാര്‍ത്ഥികള്‍ സ്വീകരിച്ചത്. ലോകകപ്പിന്‍റെ പ്രചാരണാര്‍ത്ഥം രാജ്യത്തെ തെരഞ്ഞെടുത്ത വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ പര്യടനം നടത്തുന്നതിന്‍റെ ഭാഗമായാണ് ഐസിസി വേള്‍ഡ്കപ്പ് ട്രോഫി മുക്കോലയ്ക്കല്‍ സെന്‍റ് തോമസ് സെന്‍ട്രല്‍ സ്‌കൂളില്‍ എത്തിയത്.
കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് ലോകകപ്പ് ട്രോഫിയുടെ പര്യടനം. കായിക മേഖലയില്‍ സഹോദയ സ്‌കൂളുകളില്‍ നിരവധി റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുള്ള തിരുവനന്തപുരം സെന്‍റ് തോമസ് സെന്‍ട്രല്‍ സ്‌കൂളിനോട് ഒരുമാസം മുന്‍പ് ഐസിസി അധികൃതര്‍ പ്രദര്‍ശനത്തിന് അനുമതി ചോദിക്കുകയും തുടര്‍ന്ന് സ്‌കൂളധികൃതര്‍ താല്പര്യം പ്രകടിപ്പിക്കുകയുമായിരുന്നു.
വിവരം അറിഞ്ഞത് മുതല്‍ വിദ്യാര്‍ത്ഥികളും ആവേശത്തിലായിരുന്നു. സ്‌ക്രീനില്‍ ഇഷ്ടതാരങ്ങള്‍ ഉയര്‍ത്തിയ ട്രോഫിയെ നൃത്ത പരിപാടികളുടെ അകമ്പടിയോടെയാണ് സ്‌കൂളിലേക്ക് സ്വാഗതം ചെയ്തത്. വിദ്യാര്‍ത്ഥികള്‍ക്ക് ക്രിക്കറ്റുമായുള്ള ബന്ധം കൂട്ടാനും ഒക്ടോബര്‍ -നവംബര്‍ മാസങ്ങളില്‍ രാജ്യത്ത് നടക്കുന്ന ലോകകപ്പ് മത്സരത്തിന്‍റെ പ്രചരണത്തിനുമായാണ് പ്രദര്‍ശനം തുടരുന്നത്.
ലോകകപ്പിന്‍റെ മുഖ്യ വേദിയായ അഹമ്മദാബാദില്‍ നിന്നും പര്യടനം ആരംഭിച്ച ട്രോഫി മുംബൈ, കൊല്‍ക്കത്ത എന്നി നഗരങ്ങളിലെ പ്രദര്‍ശനം കഴിഞ്ഞാണ് തിരുവനന്തപുരം സെന്‍റ് തോമസ് സ്‌കൂളിലെത്തിയത്.
സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കും പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കും ആണ് വേള്‍ഡ് കപ്പ് ട്രോഫി നേരില്‍ കാണാനുള്ള അവസരമുള്ളത്. സ്‌ക്രീനില്‍ കണ്ട ആവേശം നിറച്ച് ട്രോഫിയെ നേരില്‍ കാണുന്നതിനായി സ്‌കൂൾ ഗേറ്റിനു പുറത്ത് നിരവധി ആരാധകര്‍ വന്നിരുന്നെങ്കിലും നിരാശയായിരുന്നു ഫലം.
ഐസിസിയുടെ പ്രത്യേക സുരക്ഷ ഉദ്യോഗസ്ഥരുടേയും പൊലീസുകാരുടെയും സുരക്ഷയോടെ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4 മണി വരെയായിരുന്നു പ്രദര്‍ശനം.
ലോകകപ്പ് മത്സരക്രമം: ഇന്ത്യ ആതിഥേയരാവുന്ന ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റ് ധർമ്മശാല, ഡൽഹി, ലഖ്‌നൗ, പൂനെ, മുംബൈ, അഹമ്മദാബാദ്, ഹൈദരാബാദ്, ബാംഗ്ലൂർ, ചെന്നൈ, കൊൽക്കത്ത എന്നി പത്ത് വേദികളിലായാണ് നടക്കുക. ഇന്ത്യയ്‌ക്ക് പുറമെ അഫ്ഗാനിസ്ഥാൻ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ന്യൂസിലൻഡ്, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകൾ ടൂര്‍ണമെന്‍റിനായി നേരിട്ട് യോഗ്യത നേടിയിട്ടുണ്ട്. യോഗ്യത മത്സരത്തിലൂടെ എത്തിയ ശ്രീലങ്കയും നെതർലൻഡ്‌സും ടൂർണമെന്‍റില്‍ മത്സരിക്കും.
ആരാധകര്‍ ഏറെ പ്രതീക്ഷിച്ചുവെങ്കിലും സന്നാഹ മത്സരത്തിനായാണ് തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം തെരഞ്ഞെടുക്കപ്പെട്ടത്. ഗുവാഹത്തി, ഹൈദരാബാദ് എന്നിവിടങ്ങളിലും സന്നാഹ മത്സരങ്ങള്‍ നടക്കും. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ മൂന്ന് വരെയാണ് സന്നാഹ മത്സരങ്ങള്‍ അരങ്ങേറുക.
ഒക്ടോബര്‍ അഞ്ച് മുതല്‍ക്കാണ് പ്രധാന മത്സരങ്ങള്‍ ആരംഭിക്കുക. 10 ടീമുകളും പരസ്‌പരം മത്സരിക്കുന്ന റൗണ്ട് റോബിന്‍ ഫോര്‍മാറ്റിലാണ് കളി നടക്കുക. ആകെ 45 മത്സരങ്ങളാണ് ഈ ഘട്ടത്തില്‍ ഉള്ളത്. തുടര്‍ന്ന് ആദ്യ നാല് സ്ഥാനങ്ങളില്‍ എത്തുന്ന ടീമുകള്‍ സെമി ഫൈനലിലേക്ക് മുന്നേറും. ആദ്യ സെമി നവംബര്‍ 15-ന് മുംബൈയിലും രണ്ടാം സെമി 16-ന് കൊല്‍ക്കത്തയിലുമാണ് നടക്കുക.
ഉദ്‌ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും രണ്ടാം സ്ഥാനക്കാരായ ന്യൂസിലന്‍ഡുമാണ് ഏറ്റുമുട്ടുക. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയമാണ് വേദി. നവംബര്‍ 19-ന് നടക്കുന്ന ഫൈനലും അഹമ്മദാബാദിലാണ്. ഗ്ലാമര്‍ പോരാട്ടമായ ഇന്ത്യ-പാകിസ്ഥാന്‍ മത്സരവും ഇതേവേദിയില്‍ ഒക്‌ടോബര്‍ 15-നാണ് നടക്കുക.
ഒക്‌ടോബര്‍ എട്ടിന് ചെന്നൈയിലാണ് ഇന്ത്യ ആദ്യ മത്സരം കളിക്കുക. ഓസ്‌ട്രേലിയയാണ് എതിരാളി. 11-ന് ഡല്‍ഹിയില്‍ നടക്കുന്ന രണ്ടാം മത്സരത്തില്‍ അഫ്‌ഗാനെയാണ് ഇന്ത്യ നേരിടുക. തുടര്‍ന്നാണ് ഇന്ത്യ പാകിസ്ഥാനുമായി ഏറ്റുമുട്ടുന്നത്. ബംഗ്ലാദേശിനെതിരെ ഒക്‌ടോബർ 19-ന് പൂനെയിലാണ് ഇന്ത്യയുടെ അടുത്ത മത്സരം. പിന്നീട് 22-ന് ധര്‍മ്മശാലയില്‍ ന്യൂസിലന്‍ഡിനെയും ആതിഥേയര്‍ നേരിടും. ഒരാഴ്ചത്തെ വിശ്രമത്തിന് ശേഷമാണ് ഇന്ത്യ വീണ്ടും കളിക്കാന്‍ ഇറങ്ങുന്നത്. 29-ന് ലഖ്നൗവില്‍ നടക്കുന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. യോഗ്യത മത്സരം കളിച്ചെത്തുന്ന ടീമുകളിലൊന്നുമായാണ് നവംബര്‍ രണ്ടിന് മുംബൈയില്‍ ഇന്ത്യയുടെ അടുത്ത മത്സരം. തുടര്‍ന്ന് കൊല്‍ക്കത്തയില്‍ നവംബര്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയെ നേരിടുന്ന ഇന്ത്യ 11-ന് ബെംഗളൂരുവില്‍ യോഗ്യത മത്സരം കളിച്ചെത്തുന്ന ടീമിനെതിരെയാണ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിനിറങ്ങുക.
അതേസമയം 2011-ലാണ് അവസാനമായി ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നടന്നത്. അന്ന് എംഎസ് ധോണിക്ക് കീഴില്‍ ഇറങ്ങിയ ആതിഥേയര്‍ കിരീടം നേടിയിരുന്നു.