ഭോപ്പാല്‍: കൊവിഡ് കേസുകളും, മരണങ്ങളും പ്രതിദിനം വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ മധ്യപ്രദേശിലെ ശ്മശാനങ്ങള്‍ മൃതശരീരങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ്. ആമ്പുലന്‍സുകളും മറ്റും രോഗികളെ സ്മശാനത്തിലെത്തിക്കാന്‍ ക്യൂ നില്‍ക്കേണ്ട അവസ്ഥയാണ്. റോഡിന് സമീപം മണിക്കൂറുകളോളം കാത്തുനിന്നതിന് ശേഷമാണ് ശവസംസ്കാര ചടങ്ങുകൾ നടത്തുന്നത്. ശ്മശാന സ്ഥലത്ത് ഇടമില്ലാത്തതിനാൽ പലർക്കും അന്ത്യകർമങ്ങൾ നടത്താൻ കഴിയാത്ത അവസ്ഥയാണ്.
മധ്യപ്രദേശിലെ ഭദ്ഭാദ ശ്മശാനത്തിൽ പ്രതിദിനം മുപ്പതിലധികം മൃതദേഹങ്ങൾ വരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ മൃതദേഹങ്ങൾ വൈദ്യുത ശ്മശാനത്തിനടുത്തുള്ള നിലത്താണ് സംസ്കരിക്കുന്നത്. 1984ലെ ഭോപ്പാൽ വാതക ദുരന്തത്തിനുശേഷം ഇതാദ്യമായാണ് സംസ്ഥാനം ഇത്രവലിയ ദുരന്തത്തിന് സാക്ഷിയാകുന്നത്.
നിലവിലെ സാഹചര്യം പരിഹരിക്കാനായി എല്ലാവിധ സംവിധാനങ്ങളും സര്‍ക്കാര്‍ ചെയ്യുന്നതായി ആരോഗ്യമന്ത്രി ഡോ. പ്രഭുറാം ചൗദരി പറഞ്ഞു. ആശുപത്രികളിൽ കിടക്കകൾ, ഓക്സിജൻ, വാക്സിനുകൾ തുടങ്ങിയവയ്ക്ക് യാതൊരു ദൗര്‍ലഭ്യവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 6 പേരാണ് ഭോപ്പാലിലെ സ്വകാര്യ ആശുപത്രിയില്‍ ഓക്സിജന്‍ ലഭിക്കാതെ മരണപ്പെട്ടത്.