ഹൈദരാബാദ്: നിങ്ങളെ ബാങ്കുകള്‍ക്ക് എത്രമാത്രം വിശ്വസിക്കാം എന്നതിന്‍റെ പ്രധാനപ്പെട്ട സൂചകമാണ് നിങ്ങളുടെ സിബില്‍ സ്‌കോര്‍ (Credit Information Bureau India Ltd). നിങ്ങള്‍ സാമ്പത്തികമായി എത്രത്തോളം അച്ചടക്കമുള്ളയാളാണ്, മാസത്തവണകള്‍ (ഇഎംഐ) കൃത്യമായി അടയ്‌ക്കുന്നുണ്ടോ എന്നതൊക്കെ സിബില്‍ സ്കോറിലുടെ മനസിലാക്കാന്‍ സാധിക്കും. ചുരുക്കിപറഞ്ഞാല്‍ ക്രെഡിറ്റ് സ്കോര്‍ നിങ്ങളുടെ വായ്‌പയെടുക്കാനുള്ള യോഗ്യതയെ നിശ്ചയിക്കുന്നു.
സിബില്‍ സ്‌കോര്‍ കുറയുന്നത് വളരെ ഗൗരവമായി എടുക്കേണ്ട കാര്യമാണ്. നിങ്ങള്‍ വായ്‌പയ്‌ക്ക് അപേക്ഷിക്കുമ്പോള്‍ ബാങ്ക് ആദ്യം നോക്കുന്നത് സിബില്‍ സ്‌കോറാണ്. സിബില്‍ സ്കോര്‍ കുറയാതിരിക്കാന്‍ ഏറ്റവും പ്രധാനമായി ചെയ്യേണ്ടത് മാസത്തവണകളും ക്രെഡിറ്റ് കാര്‍ഡ് ബില്ലുകളും കൃത്യ സമയത്ത് അടക്കുക എന്നതാണ്.
സാമ്പത്തിക അച്ചടക്കം കൈവിടുമ്പോഴാണ് നമുക്ക് പലപ്പോഴും ലോണുകള്‍ കൃത്യസമയത്ത് തിരിച്ചടയ്‌ക്കാന്‍ കഴിയാതെ വരുന്നത്. സിബില്‍ സ്‌കോര്‍ വല്ലാതെ കുറഞ്ഞാല്‍ ബാങ്കുകളില്‍ നിന്ന് വായ്‌പകള്‍ ലഭിക്കില്ല എന്നുള്ള കാര്യം ഓര്‍ക്കണം. നമ്മുടെ വരുമാനത്തിന് താങ്ങാവുന്ന വായ്‌പകള്‍ മാത്രമെ എടുക്കാന്‍ പാടുള്ളൂ.
ഇഎംഐ തുക നിങ്ങളുടെ വരുമാനത്തിന്‍റെ നാല്‍പ്പത് ശതമാനത്തിന് ഉള്ളില്‍ നില്‍ക്കണം. നാല്‍പ്പത് ശതമാനത്തില്‍ കൂടുകയാണെങ്കില്‍ വായ്‌പതിരിച്ചടവ് മുടങ്ങാനുള്ള സാധ്യത കൂടും. രണ്ട് മാസത്തവണകള്‍ക്ക് തുല്യമായ തുക ബാങ്കില്‍ കരുതലായി ഉണ്ടാകുന്നതും നല്ലതാണ്. മാസത്തവണകള്‍ മുടങ്ങാനുള്ള സാധ്യത നന്നേ കുറയ്‌ക്കുന്നതിന് ഇത് സാഹായിക്കും.
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക: നിങ്ങള്‍ക്ക് ഒന്നിലധികം ക്രെഡിറ്റ് കാര്‍ഡുകള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ ആദ്യം എടുത്ത ക്രെഡിറ്റ് കാര്‍ഡ് മാത്രം എപ്പോഴും ഉപയോഗിക്കാനായി ശ്രമിക്കുക. ഇത് നിങ്ങളുടെ സിബില്‍ സ്‌കോര്‍ വര്‍ധിപ്പിക്കുന്നതിന് സഹായിക്കും. പെട്ടെന്ന് നിങ്ങള്‍ക്ക് പണത്തിന്‍റെ ആവശ്യം വന്നാല്‍ ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോര്‍ നിങ്ങളെ സഹായിക്കുമെന്നുള്ള കാര്യം മനസിലുണ്ടായിരിക്കണം.
ലിങ്കുകളില്‍ അനാവശ്യമായി ക്ലിക്ക് ചെയ്യാതിരിക്കുക: ബാങ്കുകളും മറ്റ് ധനകാര്യസ്ഥാപനങ്ങളും അയക്കുന്ന വായ്‌പകളുമായി ബന്ധപ്പെട്ടുള്ള ഇമെയില്‍ മറ്റ് മെസേജുകള്‍ എന്നിവയില്‍ ജാഗ്രത പാലിക്കണം. വായ്‌പയ്‌ക്ക് ആവശ്യമില്ലാതെ നിങ്ങള്‍ ഇത്തരം സന്ദേശങ്ങളിലുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്‌ത് അതിലെ കോളങ്ങള്‍ പൂരിപ്പിച്ചാല്‍ അത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ ബാധിക്കും. നിങ്ങള്‍ വായ്‌പയെടുക്കാന്‍ ശ്രമിക്കുന്നതായാണ് ഇങ്ങനെ ചെയ്യുമ്പോള്‍ കണക്കാക്കുന്നത്.
വളരെ കരുതലോടെ മാത്രമെ വേറൊരാളുടെ വായ്‌പയ്ക്ക് ജാമ്യം നില്‍ക്കാന്‍ പാടുള്ളൂ. വായ്‌പയുടെ കോ ആപ്ലിക്കന്‍റായി ഇരിക്കുമ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരം അവസരങ്ങളില്‍ വായ്‌പയുടെ പ്രധാനപ്പെട്ട ആപ്ലിക്കന്‍റ് കൃത്യമായി തിരിച്ചടവ് നടത്തുന്നുണ്ട് എന്ന് നിങ്ങള്‍ ഉറപ്പ് വരുത്തണം. ആ വ്യക്തി കൃത്യമായി തിരിച്ചടവ് നടത്തുന്നില്ലെങ്കില്‍ നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ മോശമായി ബാധിക്കും.
മാസത്തവണകളും ക്രഡിറ്റ്കാര്‍ഡ് ബില്ലുകളുമൊക്കെ കൃത്യമായി നിങ്ങള്‍ അടയ്‌ക്കുന്നുണ്ടെങ്കിലും ചിലപ്പോള്‍ ഇത് നിങ്ങളുടെ ക്രെഡിറ്റ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്താത്ത സാഹചര്യം ഉണ്ടാകാം. ഈ സാഹചര്യം ഒഴിവാക്കാനായി വര്‍ഷത്തില്‍ ഒരു തവണയെങ്കിലും ക്രെഡിറ്റ് റിപ്പോര്‍ട്ട് പരിശോധിക്കണം. റിപ്പോര്‍ട്ടില്‍ എന്തെങ്കിലും തെറ്റുകൾ കണ്ടെത്തിയാല്‍ ഉടനെ തന്നെ അവ ബന്ധപ്പെട്ട ബാങ്കുകളുടേയും ക്രെഡിറ്റ് ബ്യൂറോയുടേയും ശ്രദ്ധയില്‍പ്പെടുത്തണം.