ഒരു ക്രെഡിറ്റ് കാർഡ് ഉണ്ടായിരിക്കുക എന്നത് കൈയിൽ പണമുണ്ടായിരിക്കുക എന്നതുപോലെയാണ്. പണം ചെലവഴിച്ചതിന് ശേഷം തിരിച്ചടവിനുള്ള സമയം, ഇഎംഐ സൗകര്യം, മികച്ച ക്രെഡിറ്റ് സ്കോർ നേടാനുള്ള സാധ്യത എന്നിങ്ങനെ നിരവധി ഗുണങ്ങൾ ക്രെഡിറ്റ് കാർഡിനുണ്ട്. ക്രെഡിറ്റ് കാർഡ് ചെലവുകളിൽ പ്രത്യേക ഓഫറുകളും കിഴിവുകളും ഉണ്ട്.
അടുത്തകാലത്ത് പല കമ്പനികളും മറ്റ് കമ്പനികളുമായി സഹകരിച്ച് കോ- ബ്രാൻഡഡ് കാർഡുകൾ പുറത്തിറക്കുകയും അവയിൽ പ്രത്യേക ഓഫറുകളും കിഴിവുകളും വാഗ്‌ദാനം ചെയ്യുകയും ചെയ്യുന്നു. ഈ ഓഫറുകൾ ചിലർക്ക് ഉടൻതന്നെ ലഭിക്കുമ്പോൾ മറ്റ് ചിലർക്ക് ദീർഘകാലാടിസ്ഥാനത്തിൽ ഉപയോഗപ്പെടുന്നു. എയർലൈൻ ടിക്കറ്റുകളിൽ 5% വരെ ക്യാഷ്‌ബാക്ക് നൽകുന്ന കോ-ബ്രാൻഡഡ് ട്രാവൽ കാർഡുകൾ നിലവിലുണ്ട്.
ഓഫറുകൾ നിരീക്ഷിക്കുക
ക്രെഡിറ്റ് കാർഡ് എടുക്കാൻ താത്പര്യമുള്ളവരാണ് നിങ്ങളെങ്കിൽ നിങ്ങൾക്ക് വരുന്ന ഇ-മെയിലുകൾ നിരീക്ഷിക്കുക. ക്രെഡിറ്റ് കാർഡ് കമ്പനികൾ ഇ-മെയിലിലൂടെയും എസ്എംഎസിലൂടെയും ഓഫറുകളെ കുറിച്ച് കാർഡ് ഉടമകളെ അറിയിക്കാറുണ്ട്. അതിനാൽ കാർഡ് കമ്പനിയുമായി നിങ്ങളുടെ മെയിൽ ഐഡിയും ഫോൺ നമ്പറും എത്രയും വേഗം പുതുക്കുക.
ചിലപ്പോൾ നിങ്ങൾക്ക് വരുന്ന മെയിൽ സ്പാം ഫോൾഡറിലേക്കാവും പോവുക. മെയിലുകൾ അവഗണിക്കുകയാണെങ്കിൽ കമ്പനികൾ വാഗ്‌ദാനം ചെയ്യുന്ന ഓഫറുകൾ നിങ്ങൾക്ക് അറിയാൻ സാധിച്ചേക്കില്ല. ക്രെഡിറ്റ് കാർഡ് ഓഫറുകൾ അറിയാനായി എപ്പോഴും മെയിലുകൾ ശ്രദ്ധിക്കുക.
മെയിൽ അയക്കുന്നതു കൂടാതെ കമ്പനികൾ എല്ലായ്‌പ്പോഴും അവരുടെ ഓഫറുകൾ വെബ്‌സൈറ്റിലും ബാങ്കിന്‍റെ മൊബൈൽ ആപ്പിലും ഇടാറുണ്ട്. അതിനാൽ അവയും ഇടയ്ക്കിടെ നോക്കുക. ക്രെഡിറ്റ് കാർഡിന്‍റെ പരിധി വർധിപ്പിച്ച് മറ്റൊരു തരത്തിലെ ക്രെഡിറ്റ് കാർഡ് എടുക്കണമെങ്കിൽ അതിനുള്ള വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.
വ്യാപാരികൾ, ഇ-കൊമേഴ്‌സ് വെബ്സൈറ്റുകൾ, ബ്രാൻഡ് ഷോറുമുകൾ എന്നിവ ക്രെഡിറ്റ് കാർഡ് പർച്ചേസുകൾക്ക് മികച്ച ഓഫറുകൾ വാഗ്‌ദാനം ചെയ്യാറുണ്ട്. നിങ്ങൾ എന്തെങ്കിലും വാങ്ങാൻ ഉദ്ദേശിക്കുകയാണെങ്കിൽ അവയ്ക്ക് ഏത് കമ്പനിയാണ് കൂടുതൽ കിഴിവ് നൽകുന്നതെന്ന് കണ്ടെത്തുക. ചില ഓഫറുകൾ പരിമിതകാലത്തേക്ക് മാത്രമാണ്. അതിനാൽ ഓഫറുകൾ അവസാനിക്കുന്ന തീയതി പരിശോധിക്കുകയാണെങ്കിൽ വിലക്കുറവിൽ ഉത്പന്നം വാങ്ങാനുള്ള അവസരം നിങ്ങൾക്ക് നഷ്‌ടമാകില്ല.
സർവീസ് സെന്‍ററുകളിൽ നിങ്ങളുടെ ക്രെഡിറ്റ് കാർഡിൽ ലഭ്യമായ ഓഫറുകളെ കുറിച്ചുള്ള ശരിയായ വിവരങ്ങൾ നിങ്ങൾക്ക് ലഭിച്ചില്ലെങ്കിൽ പൂർണ വിവരങ്ങൾക്കായി നിങ്ങൾക്ക് കാർഡ് കമ്പനിയുടെ ഉപഭോക്തൃ പിന്തുണ കേന്ദ്രവുമായി ബന്ധപ്പെടാവുന്നതാണ്. ഉദാഹരണത്തിന് നിങ്ങൾ വിമാന ടിക്കറ്റ് ബുക്ക് ചെയ്യുകയാണെങ്കിൽ ഡിസ്‌കൗണ്ട് ലഭിക്കാൻ ആഗ്രഹിക്കുന്നുവെന്ന് കരുതുക. അങ്ങനെയെങ്കിൽ നിങ്ങൾക്ക് കസ്റ്റമർ കെയറുമായി ബന്ധപ്പെട്ട് മികച്ച ഓഫറുകൾ ഉണ്ടോ എന്ന് ചോദിക്കാവുന്നതാണ്. എല്ലായ്‌പ്പോഴും ഡിസ്‌കൗണ്ട് ലഭിക്കാൻ സാധ്യതയില്ല.
ക്രെഡിറ്റ് കാർഡുകളിലെ പ്രത്യേക ഓഫറുകൾ എന്തൊക്കെയെന്ന് കണ്ടെത്താൻ ചില ഓൺലൈൻ വെബ്സൈറ്റുകളും ഉണ്ട്. ഇവ പരിശോധിക്കാവുന്നതാണ്. ഒരു ഉത്പന്നം വാങ്ങുന്നതിന് മുൻപ് അവയുടെ യഥാർഥ വില അറിയാൻ ശ്രമിക്കുക. അങ്ങനെയെങ്കിൽ ഉത്പന്നത്തിന് ഡിസ്‌കൗണ്ട് ഉണ്ടോ എന്ന് അറിയാൻ സാധിക്കും.
നിങ്ങൾക്ക് ഒന്നിൽ കൂടുതൽ ക്രെഡിറ്റ് കാർഡുകൾ ഉണ്ടെങ്കിൽ ഏത് കാർഡിനാണ് കൂടുതൽ ആനുകൂല്യങ്ങൾ ഉള്ളതെന്ന് പരിശോധിക്കുക. ഏറ്റവും ഉയർന്ന ഡിസ്‌കൗണ്ട് ഉള്ള ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുക. അവയുടെ നിബന്ധനകൾ രണ്ട് തവണയെങ്കിലും പരിശോധിക്കുക. ഒരു സാഹചര്യത്തിലും കാർഡിന്‍റെ വിശദാംശങ്ങളും ഒടിപിയും ആരുമായും പങ്കിടരുത്.
Also Read: പുതിയ സാമ്പത്തിക വർഷത്തിലേക്കുള്ള സാമ്പത്തിക ആസൂത്രണം എങ്ങനെ നടത്താം?