ന്യൂഡല്‍ഹി: നരബലിക്കെതിരെ നിയമനിര്‍മാണത്തിന് ബില്‍ അവതരിപ്പിക്കാന്‍ അനുമതി തേടി സിപിഐയുടെ കേരളത്തിൽ നിന്നുള്ള രാജ്യസഭ എംപി ബിനോയ് വിശ്വം. നരബലി, മറ്റ് അന്ധവിശ്വാസങ്ങള്‍ എന്നിവ തടയാനും ഉന്മൂലനം ചെയ്യാനുമുള്ള സ്വകാര്യ ബില്‍ പാര്‍ലമെന്‍റിന്‍റെ വരാനിരിക്കുന്ന ശൈത്യകാല സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് ബിനോയ് വിശ്വം എംപി രാജ്യസഭ സെക്രട്ടറി ജനറലിന്‍റെ അനുമതി തേടിയത്. ഇത്തരം ദുരാചാരങ്ങള്‍ സമൂഹത്തെ നശിപ്പിക്കുന്നതും ജനങ്ങളെ കബളിപ്പിക്കുന്നതുമാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ആളുകളെ ചൂഷണം ചെയ്യാന്‍ മതപരവും സാംസ്കാരികവുമായ ആചാരങ്ങൾ ദുരുപയോഗം ചെയ്യുന്ന ചിലരുണ്ട്. പരിഷ്‌കൃത ജനാധിപത്യത്തിൽ നരബലിക്ക് യാതൊരു സ്ഥാനവുമില്ലെന്നും ഇത്തരം ദുരാചാരങ്ങള്‍ക്കെതിരെ പേരാടി രക്തസാക്ഷികളായ ഗോവിന്ദ് പൻസാരെ, നരേന്ദർ ധാബോൽക്കര്‍ എന്നിവരില്‍ നിന്ന് നമ്മള്‍ പ്രചോദനം ഉള്‍ക്കൊള്ളേണ്ടതുണ്ടെന്നും ബിനോയി വിശ്വം പറഞ്ഞു. കേരളമുള്‍പ്പടെ രാജ്യത്തുടനീളം നരബലി കേസുകളും ഇത്തരം അനാചാരങ്ങളും വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ഇത്തരം മനുഷ്യത്വരഹിതവും ക്രൂരവുമായ അന്ധവിശ്വാസങ്ങൾ ക്രിമിനൽ വൽക്കരിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ബില്‍ പാസാക്കാന്‍ ആവശ്യപ്പെട്ടുള്ള നിര്‍ദേശം മുന്നോട്ടുവരുന്നത്.
സാമ്പത്തിക അഭിവൃദ്ധിക്കും ഐശ്വര്യ ജീവിതത്തിനുമായി കേരളത്തിലെ പത്തനംതിട്ട ജില്ലയിലുള്ള ഇലന്തൂരില്‍ ഇരട്ടനരബലി നടന്നത് ഏറെ കോളിളക്കം സൃഷ്‌ടിച്ചിരുന്നു. 49 കാരിയായ കേരള സ്വദേശിനി റോസ്‌ലിന്‍, 52 കാരിയായ തമിഴ്‌നാട് സ്വദേശിനി പത്മ എന്നിവരെ മൂന്നംഗ സംഘം കൊലപ്പെടുത്തി വീടിനോട് ചേര്‍ന്ന് കുഴിയെടുത്ത് കുഴിച്ചിട്ടു എന്ന വാര്‍ത്തയും സാക്ഷര കേരളം ഏറെ ഭീതിയോടെയാണ് കേട്ടത്. കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫി, ഭഗവല്‍ സിങ്, ഭാര്യ ലൈല എന്നവരുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച പ്രത്യേക സംഘത്തിന്‍റെ അന്വേഷണം പുരോഗമിക്കുകയാണ്.