ന്യൂഡല്‍ഹി: ജഹാംഗീര്‍പുരിയിലെ കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റിയ സ്ഥലം സന്ദര്‍ശിക്കാനെത്തിയ സിപിഐ നേതാക്കളെ പൊലീസ് തടഞ്ഞു. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, എംപി ബിനോയ് ബിശ്വം, മുതിർന്ന നേതാവ് ആനി രാജ, എ ഖാൻ, പല്ലവ് സെൻ ഗുപ്‌ത എന്നിവരടങ്ങിയ സംഘത്തേയാണ് ഉദ്യോഗസ്ഥര്‍ മടക്കി അയച്ചത്. പ്രദേശത്ത് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.
കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ദേശപ്രകാരമാണ് സുരക്ഷ ഉദ്യോഗസ്ഥര്‍ തങ്ങളെ തടഞ്ഞതെന്ന് ബിനോയ് വിശ്വം എംപി ഇടിവി ഭാരതിനോട് പറഞ്ഞു. ജഹാംഗീര്‍പുരിയിലെ സി ബ്ലോക്ക് സന്ദര്‍ശിക്കാനെത്തിയ സിപിഐ നേതാക്കളെ കുശാല്‍ സിനിമാ ചൗക്കിന് സമീപത്തായാണ് സേന തടഞ്ഞത്. ഡല്‍ഹി പൊലീസിനും അര്‍ധസൈനിക വിഭാഗത്തിനുമാണ് പ്രദേശത്തെ സുരക്ഷ ചുമതല.
ഇരകളെ കാണാനും അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാനുമുള്ള തങ്ങളുടെ അഭ്യര്‍ത്ഥന ക്രമസമാധാന വിഷയം ഉന്നയിച്ച് പൊലീസ് നിരാകരിക്കുകയായിരുന്നുവെന്ന് ഡി രാജ പറഞ്ഞു. സിപിഐ പ്രതിനിധികള്‍ക്ക് പുറമേ മുസ്ലീം ലീഗ് നേതാക്കളും, തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും സ്ഥലത്ത് എത്തിയിരുന്നു. പ്രദേശത്ത് നടന്ന ചട്ടലംഘനങ്ങള്‍ക്ക് ബിജെപി കേന്ദ്രസര്‍ക്കാരാണ് ഉത്തരവാദികളെന്ന് മുസ്ലീം ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീര്‍ എംപി ആരോപിച്ചു.