ജയ്‌പൂർ: വിഗ്രഹങ്ങൾ കളിമണ്ണ് കൊണ്ട് നിർമിക്കുന്നത് ഏവര്‍ക്കും പരിചിതമാണ്. എന്നാൽ ഈ കാണുന്ന വിഗ്രഹങ്ങൾ നിർമിച്ചത് മണ്ണ് കൊണ്ടല്ല, മറിച്ച് ചാണകം കൊണ്ടാണ്. ജയ്‌പൂരിനടുത്ത് സ്ഥിതി ചെയ്യുന്ന പശു വളര്‍ത്തല്‍ കേന്ദ്രത്തിലാണ് ഇവയെല്ലാം നിർമിക്കുന്നത്. 'ഗായ് ബനായെ ക്രോര്‍പതി' (പശുക്കള്‍ നിങ്ങളെ കോടിപതികളാക്കുന്നു) എന്ന പദ്ധതിയുടെ ഭാഗമായാണ് ചാണകം കൊണ്ട് വിഗ്രഹങ്ങളും മറ്റ് ഉൽപന്നങ്ങളും ഒരുക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇവിടുത്തെ ഗോസേവകര്‍ ഈ രീതിയിൽ സംരംഭങ്ങള്‍ ആരംഭിച്ചത്. ഇന്നവര്‍ പശുവിന്‍റെ ചാണകം ഉപയോഗിച്ച് വിഗ്രഹങ്ങള്‍ വന്‍ തോതില്‍ നിര്‍മിക്കുന്നു. യന്ത്രങ്ങളുടെ സഹായത്തോടെയാണ് വ്യത്യസ്‌തമായ അച്ചുകളില്‍ ഇവ തീര്‍ക്കുന്നത്.
രാജസ്ഥാനില്‍ ഇത്തരത്തില്‍ നിരവധി പശു വളര്‍ത്തല്‍ കേന്ദ്രങ്ങളുണ്ട്. സര്‍ക്കാരിന്‍റെ ധനസഹായത്തോടെയാണ് ഇവിടെ പശുക്കളെ സംരക്ഷിക്കുന്നത്. വിഗ്രഹങ്ങള്‍ നിർമിക്കുന്ന യന്ത്രങ്ങള്‍ സ്ഥാപിച്ചാല്‍ എല്ലാ പശു വളർത്തൽ കേന്ദ്രങ്ങളും സ്വയം പര്യാപ്‌തമായി മാറുമെന്ന് ഇവര്‍ പറയുന്നു. കറവ വറ്റിയ പശുക്കളെ സാധാരണ ഉപേക്ഷിക്കുകയോ അറവുശാലകൾക്ക് നൽകുകയോ ആണ് ചെയ്യുന്നത്. എന്നാൽ ഇത്തരം സംരംഭങ്ങളിലൂടെ അവയും സംരക്ഷിക്കപ്പെടുന്നു. ജയ്‌പൂരിലെ 50,000 വീടുകളില്‍ ചാണകം കൊണ്ടുണ്ടാക്കിയ വിഗ്രഹങ്ങള്‍ സ്ഥാപിക്കുക എന്ന ലക്ഷ്യമാണ് ഈ സംരംഭത്തിന് പിന്നിൽ. ഇത്തരം പദ്ധതികളിലൂടെ പശു സംരക്ഷണ കേന്ദ്രങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടാൽ സർക്കാരിന് കൂടുതൽ ധനസഹായം നൽകേണ്ടി വരില്ല. മറിച്ച് വരുമാനം കൂടുകയും ചെയ്യും.