ഷാജഹാൻപൂർ (ഉത്തർപ്രദേശ്): പശുവിനെ ദേശീയ മൃഗമാക്കി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകന്‍റെ വേറിട്ട പ്രതിഷേധം. ഉത്തർപ്രദേശ് സ്വദേശിയായ നവി സൽമാൻ ആണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഖിർണി ബാഗ് രാംലീല മൈതാനിയിൽ നവി സൽമാൻ സ്വന്തം ശവക്കുഴി കുഴിച്ച് കുഴിമാടത്തിൽ കിടന്നുകൊണ്ടായിരുന്നു പ്രതിഷേധം.
തലയ്‌ക്ക് താഴേക്കുള്ള ശരീരഭാഗം മണൽ കൊണ്ട് മൂടുകയും ചെയ്‌തു. പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നാണ് തന്‍റെ ആഗ്രഹമെന്നും പശുവിനെ രക്ഷിക്കാൻ ഇതിലൂടെ മാത്രമേ സാധിക്കൂവെന്നും സാമൂഹ്യപ്രവർത്തകൻ പറഞ്ഞു. ഇത് സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന് നിവേദനം നൽകിയിട്ടുണ്ട്. പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കുന്നത് വരെ ഇത്തരം പ്രതിഷേധം തുടരുമെന്നും സൽമാൻ പറഞ്ഞു.
പശുക്കളെ കുറിച്ചും ചാണകത്തെക്കുറിച്ചും ഇതിന് മുൻപ് വിചിത്രമായ അഭിപ്രായ പ്രകടനം നടത്തി വാർത്തകളിൽ നിറഞ്ഞയാളാണ് ഉത്തർ പ്രദേശ് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ധരംപാല്‍ സിങ്. ഫെബ്രുവരി 14 പശുക്കളെ ആലിംഗനം ചെയ്യണമെന്ന് അറിയിച്ച് 'കൗ ഹഗ് ഡേ'യായി ആഘോഷിക്കാൻ കേന്ദ്ര സര്‍ക്കാർ പ്രഖ്യാപിച്ച സമയത്തായിരുന്നു ഉത്തർ പ്രദേശ് മന്ത്രിയുടെ വിചിത്ര അഭിപ്രായം. കമിതാക്കളുടെ ദിനത്തില്‍ പശുവിനെ ആലിംഗനം ചെയ്യണമെന്നതിൽ നിന്ന് ഒരുപടി കൂടി കടന്ന് ഗോശാലയിലെത്തി പശുവിനെ ആരാധിക്കണം എന്നായിരുന്നു ധരംപാല്‍ സിങ്ങ് പ്രതികരിച്ചത്.
'ആരാധന' തന്നെ വേണം : ഗോമൂത്രത്തില്‍ ഗംഗാദേവി കുടികൊള്ളുന്നുവെന്നും പശുവിന്‍റെ ചാണകത്തില്‍ ലക്ഷ്‌മിയും കുടിയിരിക്കുന്നുവെന്നും മന്ത്രി ധരംപാല്‍ സിങ്ങ് പറഞ്ഞു. അതുകൊണ്ട് തന്നെ വാലന്‍റൈന്‍സ് ദിനത്തില്‍ പശുത്തൊഴുത്തിൽ എത്തി പശുവിനെ ആലിംഗനം ചെയ്യുകയും അവയെ ആരാധിക്കുകയും വേണം എന്ന് ധരംപാല്‍ സിങ് പിഡബ്ല്യുഡി ഗസ്‌റ്റ് ഹൗസില്‍ വച്ച് മാധ്യമങ്ങളോട് പറഞ്ഞു. വെറുതെ ആലിംഗനം ചെയ്‌ത് മടങ്ങുന്നതിന് പകരം അവയെ എന്തെങ്കിലും തീറ്റിക്കണം എന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു.
ഗോവധം അവസാനിപ്പിച്ചാൽ ഭൂമിയിലെ എല്ലാ പ്രശ്‌നങ്ങളും തീരുമെന്ന് കോടതി: ഗോവധം അവസാനിപ്പിച്ചാൽ ഭൂമിയിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്നായിരുന്നു ഗുജറാത്ത് കോടതിയുടെ വിചിത്ര നിരീക്ഷണം. ചാണകം കൊണ്ട് നിർമിച്ച വീടുകളെ അണുവികിരണം വരെ ബാധിക്കില്ലെന്നും ഭേദമാക്കാൻ കഴിയാത്ത പല രോഗങ്ങളെയും ഗോമൂത്രം കൊണ്ട് സുഖപ്പെടുത്താമെന്നും താപി ജില്ല സെഷൻസ് ജഡ്‌ജി സമീർ വിനോദ്‌ചന്ദ്ര വ്യാസ് അഭിപ്രായപ്പെട്ടിരുന്നു.