കാണ്‍പൂര്‍(ഉത്തര്‍പ്രദേശ്): മാലിന്യ കൂമ്പാരത്തില്‍ നിന്നും ഗുണ്ടുപടക്കം ചവച്ചതിനെ തുടര്‍ന്ന് പശുവിന് ഗുരുതര പരിക്ക്. ഉത്തര്‍പ്രദേശിലെ കാകദേവ് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള നവീന്‍ നഗറിലാണ് സംഭവം. സ്‌ഫോടന ശബ്‌ദം കേട്ട് പ്രദേശവാസികള്‍ സ്ഥലത്തെത്തിയപ്പോഴാണ് താടിയില്‍ നിന്നും രക്തം വാര്‍ന്നൊഴുകിയ നിലയില്‍ പശുവിനെ കണ്ടത്.
സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും മുനിസിപാലിറ്റി അധികൃതരും ചേര്‍ന്ന് പശുവിനെ സൊസൈറ്റി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ക്രുവലിറ്റി എഗൈന്‍സ്‌റ്റ് ആനിമല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 1960ലെ മൃഗസംരക്ഷണ വകുപ്പ് പ്രകാരം കേസ് രജിസ്‌റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്‌തു.
'പ്രാദേശിക പൊലീസ് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജിന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഉടന്‍ സ്ഥലത്തെത്തി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ജീവനക്കാരും പൊലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് പശുവിനെ മൃഗാശുപത്രിയിലേക്ക് മാറ്റി. സംഭവ സ്ഥലത്ത് നിന്നും പശു ചവച്ച ഗുണ്ടുപടക്കത്തിന്‍റെ അംശങ്ങളും കണ്ടെടുത്തെന്ന് കാണ്‍പൂരിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ ബി പി ജോഗ്‌ദന്ത് പറഞ്ഞു'.
'ഫോറന്‍സിക്ക് വിദഗ്‌ധരുടെ സംഘമെത്തി സ്ഥലത്ത് പരിശോധന നടത്തുകയാണ്. ഉപയോഗശൂന്യമായ പടക്കങ്ങളുടെ സാമ്പിളുകള്‍ വേര്‍തിരിച്ച് അന്വേഷണം നടത്തും. സംഭവത്തില്‍ എതെങ്കിലും തരത്തിലുള്ള കൃത്രിമം നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താനായി സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും പരിശോധന പുരോഗമിക്കുകയാണ്. തുടര്‍ ചികിത്സയ്‌ക്കായി പശുവിനെ മധുര വെറ്ററിനറി കോളജിലേക്ക് മാറ്റിയെന്ന്' പൊലീസ് അറിയിച്ചു.