ന്യൂഡല്‍ഹി : ക്രമസമാധാനപാലനത്തിനുപരിയായി കൊവിഡ് പ്രതിസന്ധിക്കിടെ മുതിര്‍ന്ന പൗരന്മാരെ സഹായിക്കാന്‍ ഹെല്‍പ് ലൈന്‍ സേവനം ആരംഭിച്ച് ഡല്‍ഹി പൊലീസ്. കൊവിവാന്‍ എന്നാണ് പദ്ധതിയുടെ പേര്. ഗ്രേറ്റർ കൈലാഷ് പൊലീസ് സ്റ്റേഷന്‍റെ അധികാരപരിധിയിലാണ് ഹെല്‍പ് ലൈന്‍ സേവനം ആരംഭിച്ചിരിക്കുന്നത്. നഗരത്തില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ വീട്ടുജോലികൾക്കും മറ്റ് അവശ്യ കാര്യങ്ങൾക്കും പ്രശ്നങ്ങൾ നേരിടുന്നതിനാൽ മുതിർന്ന പൗരന്മാരെ സഹായിക്കുന്നതിനാണ് ഹെൽപ്പ് ലൈൻ (012- 26241077).
Also Read: കൊവിഡ് വ്യാപനം : 25 സംസ്ഥാനങ്ങള്‍ക്ക് 8923.8 കോടി രൂപ അനുവദിച്ച് കേന്ദ്രം
സേവനം ആവശ്യമുള്ളവര്‍ക്ക് പ്രസ്തുത നമ്പറില്‍ വിളിക്കാം, ബന്ധപ്പെട്ട ബീറ്റ് ഓഫിസറും സഹപ്രവര്‍ത്തകരും മുതിർന്ന പൗരന്മാരുടെ വീട് സന്ദർശിക്കുകയും അവശ്യവസ്തുക്കൾ എത്തിക്കാൻ സഹായിക്കുകയും ചെയ്യും. വീട്ടുപകരണങ്ങൾ, മരുന്നുകൾ, മറ്റ് അവശ്യ വസ്തുക്കൾ എന്നിവ പൊലീസുകാര്‍ വീട്ടിലെത്തിക്കും.
മുതിർന്ന പൗരന്മാരെ സമീപത്തുള്ള വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തിച്ച് കൊവിൻ ആപ്പ് അല്ലെങ്കിൽ ആരോഗ്യ സേതു ആപ്പ് വഴി വാക്സിനേഷൻ നല്‍കുന്നത് പൊലീസ് ഉറപ്പാക്കും. ഡല്‍ഹി പൊലീസിന്‍റെ പുതിയ ഉദ്യമത്തെ പ്രദേശവാസികള്‍ അഭിനന്ദിച്ചു.