ന്യൂഡല്‍ഹി : കൊവിഡിന്‍റെ മൂന്നാം തരംഗം 6 മുതല്‍ 8 ആഴ്ചയ്ക്കുള്ളില്‍ ഉണ്ടായേക്കാമെന്ന് എയിംസ് മേധാവി രണ്‍ദീപ് ഗുലേരിയ. ഒന്നാം തരംഗത്തിന് ശേഷം ജനങ്ങള്‍ക്കിടയിലുണ്ടായ അശ്രദ്ധയാണ് രണ്ടാം തരംഗം രൂക്ഷമാകാൻ കാരണം. മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിക്കുമെന്നതിന് തെളിവുകളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഡോ. രണ്‍ദീപ് ഗുലേരിയയുടെ വാക്കുകള്‍
'വാക്‌സിനാണ് നിലവില്‍ ഏറ്റവും വലിയ വെല്ലുവിളി. പുതിയൊരു തരംഗം വന്നാല്‍ സാധാരണഗതിയില്‍ അത് പ്രകടമാകാന്‍ മൂന്ന് മാസമെങ്കിലും എടുത്തേക്കാം. അതിലും കുറവ് സമയവും ആകാം.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത സാഹചര്യം, വൈറസിന് സംഭവിക്കുന്ന ജനിതകവ്യതിയാനങ്ങള്‍ എന്നിങ്ങനെ പല ഘടകങ്ങളെ അപേക്ഷിച്ചാണ് പുതിയൊരു തരംഗമുണ്ടാകുന്നത്. ഇനിയും വൈറസില്‍ മാറ്റങ്ങള്‍ സംഭവിക്കും.
ഇത്തരത്തില്‍ മാറ്റങ്ങള്‍ സംഭവിച്ച വൈറസ് തന്നെയാണ് രണ്ടാം തരംഗം രൂക്ഷമാക്കിയത്. അതിനാല്‍ ഇനിയുള്ള സമയങ്ങളില്‍ ആശുപത്രി അടക്കമുള്ളയിടങ്ങളില്‍ ശക്തമായ നിരീക്ഷണം ആവശ്യമാണ്.
ALSO READ: ആരോഗ്യ പ്രവർത്തകർക്കെതിരായ ആക്രമണം : നടപടിയെടുക്കാൻ നിർദേശിച്ച് കേന്ദ്രം
കൊവിഡ് കേസുകള്‍ കുത്തനെ വര്‍ധിക്കുന്നയിടങ്ങളില്‍ 'മിനി ലോക്ക് ഡൗണ്‍' പ്രഖ്യാപിച്ച് മുന്നോട്ടുപോകണമെന്നും വാക്‌സിനേഷന്‍ വലിയ തോതില്‍ പൂര്‍ത്തിയാകാത്തിടത്തോളം വരും മാസങ്ങളില്‍ വലിയ അപകടഭീഷണിയാണ് നേരിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വൈറസിലെ ജനിതകവ്യതിയാനങ്ങളെക്കുറിച്ച് പഠിക്കാൻ പ്രത്യേക സംവിധാനങ്ങള്‍ രാജ്യത്ത് ഒരുങ്ങേണ്ടതുണ്ട്.രോഗവ്യാപനം കുറഞ്ഞതോടെ ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാനങ്ങള്‍. എന്നാല്‍ ജാഗ്രത കുറയരുത്.
ALSO READ: രാജ്യത്ത് 58,419 പേർക്ക് കൂടി കൊവിഡ് ; 1576 മരണം
ഇളവുകൾ ദുരുപയോഗം ചെയ്ത് ആളുകൾ കൂട്ടംകൂടുന്നത് ഒഴിവാക്കണമെന്നും ജനങ്ങളുടെ ജാഗ്രതയ്ക്ക് മാത്രമേ മൂന്നാം തരംഗത്തെ ചെറുക്കാൻ കഴിയൂ എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
58,419 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് ഇന്ന്(ജൂണ്‍ 20) സ്ഥിരീകരിച്ചത്. 81 ദിവസത്തിന് ശേഷമാണ് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 60,000ത്തില്‍ താഴെയാകുന്നത്. 7,29,243 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1576 മരണം കൂടി സ്ഥിരീകരിച്ചു.