ന്യൂഡൽഹി: രാജ്യത്ത് സ്വകാര്യ മേഖലയില്‍ കൊവിഡ് വാക്‌സിന് പണം ഈടാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി. കൊവിഡ് വാക്‌സിന്‍ ഡോസിന് 250 രൂപ ഈടാക്കാനാണ് നിര്‍ദേശം. സ്വകാര്യ ആശുപത്രികളില്‍ വാക്‌സിന് 150 രൂപയും സര്‍വീസ് ചാര്‍ജ് ആയി 100 രൂപയും ഈടാക്കും. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ കൊവിഡ് വാക്‌സിന്‍ സൗജന്യമായിരിക്കും.
സിറിഞ്ചുകൾ, സൂചി, സേവനം നൽകുന്നവർ തുടങ്ങിയ പ്രവർത്തന ചെലവുകൾ വിലയിരുത്തിയാണ് വാക്‌സിന് സർവ്വീസ് ചാർജ്ജ് ഈടാക്കാൻ തീരുമാനിച്ചത്. ഇത് സംബന്ധിച്ച് ആരോഗ്യ മന്ത്രാലയത്തിന്‍റെ പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും. വിവിധ കൊവിഡ് വാക്‌സിനുകൾക്ക് വിവിധ വിലയായതിനാൽ വാക്‌സിൻ അനുസരിച്ച് വാക്‌സിനേഷൻ നിരക്കുകളും വ്യത്യാസപ്പെടാം. വാക്‌സിൻ നിർമാതാക്കളുമായും സ്വകാര്യ ആശുപത്രികളുമായും ചർച്ച നടത്തിയ ശേഷമാണ് ആരോഗ്യമന്ത്രാലയം നിരക്ക് തീരുമാനിച്ചത്. മൂന്നാം ഘട്ട കൊവിഡ് വാക്‌സിനേഷൻ രാജ്യത്ത് ആരംഭിക്കാനിരിക്കെയാണ് സ്വകാര്യ ആശുപത്രികളിലെ വാക്‌സിൻ നിരക്ക് സംബന്ധിച്ച് ധാരണയായത്.
അതേസമയം 60 വയസ്സ് കഴിഞ്ഞവര്‍ക്കും പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ അസുഖങ്ങളുള്ള 45ന് മുകളില്‍ പ്രായമുള്ളവര്‍ക്കുമാണ് രണ്ടാം ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക. സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്‌സിന്‍ രാജ്യത്തുടനീളം സൗജന്യമായാണ് ലഭിക്കുക. കേരളത്തില്‍ വാക്‌സിന്‍ സൗജന്യമായിരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ സ്വകാര്യ ആശുപത്രികളില്‍ പണം നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ച ശേഷം സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനം അറിയിച്ചിട്ടില്ല. അറുപത് വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും രണ്ടാം ഘട്ടത്തില്‍ വാക്‌സിന്‍ ലഭിക്കും. രാജ്യത്ത് 60 വയസ്സിന് മുകളിലുള്ളവര്‍ പത്തു കോടിയിലധികം വരുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ കണക്കുകള്‍.