ന്യൂഡല്‍ഹി: രാജ്യത്ത് 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കരുതല്‍ ഡോസ് വിതരണം ആരംഭിച്ചതിന് പിന്നാലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയം രാത്രി പത്ത് വരെ നീട്ടി കേന്ദ്ര സര്‍ക്കാര്‍. കൊവിഡ് പ്രതിരോധ കുത്തിവയ്‌പ്പ് നല്‍കാനുള്ള സമയം രാത്രി 10 മണി വരെ നീട്ടാൻ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും കേന്ദ്രം ആവശ്യപ്പെട്ടു.
പ്രതിരോധ കുത്തിവയ്പ്പുകളുടെ ആവശ്യം വർധിക്കുന്ന സാഹചര്യത്തിൽ ഓരോ കൊവിഡ് വാക്‌സിനേഷന്‍ കേന്ദ്രത്തിലും ഒന്നിലധികം സംഘങ്ങളെ ക്രമീകരിക്കാമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി, പ്രിൻസിപ്പൽ സെക്രട്ടറി, സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ആരോഗ്യ സെക്രട്ടറി എന്നിവർക്ക് അയച്ച കത്തിൽ ആരോഗ്യമന്ത്രാലയം അഡീഷണല്‍ സെക്രട്ടറി ഡോ. മനോഹർ അഗ്‌നാനി പറഞ്ഞു.
വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ ആവശ്യകതക്ക് വിധേയമായാണ് പ്രവര്‍ത്തനസമയം നിശ്ചയിക്കേണ്ടത്. എച്ച്ആർ, മറ്റ് സംവിധാനങ്ങളുടെ ലഭ്യത എന്നിവ അനുസരിച്ച് രാത്രി 10 മണി വരെ കുത്തിവയ്പ്പ് നല്‍കാനുള്ള സമയം ക്രമീകരിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി. 'വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ദിവസവും രാവിലെ 8 മുതൽ രാത്രി 8 വരെ മാത്രമേ പ്രവർത്തിക്കാനാകൂ എന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ പ്രവർത്തനത്തിന് സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് ആവർത്തിക്കുകയാണ്,' അഗ്‌നാനി പറഞ്ഞു.
രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ എല്ലാ തലങ്ങളിലും പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ക്യൂവില്‍ നിര്‍ക്കുമ്പോളും കാത്തിരിപ്പ് കേന്ദ്രങ്ങളിലും കൊവിഡ് മാനദണ്ഡം കർശനമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ 15-18 വയസിനിടയിലുള്ള കുട്ടികൾക്കുള്ള വാക്‌സിനേഷന്‍ ജനുവരി 3നും ആരോഗ്യ പ്രവർത്തകർ, കൊവിഡ് മുന്നണിപ്പോരാളികൾ, ഇതര രോഗങ്ങളുള്ള മുതിർന്നവർ (60 വയസിനുമുകളിൽ പ്രായമുള്ളവർ) എന്നിവർക്കുള്ള കരുതൽ വാക്‌സിന്‍ വിതരണം ജനുവരി 10നും ആരംഭിച്ചു.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം, 15-18 വയസിനിടയിലുള്ള 2,50,03,997 പേർക്ക് ഇതുവരെ ഭാഗികമായി പ്രതിരോധ കുത്തിവയ്പ്പ് നൽകിയിട്ടുണ്ട്. 60 വയസിന് മുകളിലുള്ളവർക്ക് 4,97,673 മുൻകരുതൽ ഡോസുകളാണ് ഒടുവിലത്തെ കണക്കുകള്‍ പ്രകാരം വിതരണം ചെയ്‌തത്. രാജ്യത്ത് ആകെ 1,52,42,22,751 വാക്‌സിന്‍ ഡോസുകളാണ് ഇതുവരെ വിതരണം ചെയ്‌തിട്ടുള്ളത്.
Also read: കരുതലിന്‍റെ ആദ്യ ഡോസെടുത്ത് മന്ത്രി വി.എൻ. വാസവനും ജസ്റ്റിസ് കെ.ടി. തോമസും