രാജ്യത്ത് കൊവിഡ് രണ്ടാം തരംഗത്തിലൂടെ കുതിച്ചുയര്‍ന്നു കൊണ്ടിരിക്കുകയാണ്. ഓക്‌സിജൻ ക്ഷാമവും വാക്‌സിനേഷന് വിധേയമാക്കിയ ആളുകളുടെ എണ്ണത്തിലെ കുറവും വാക്‌സിന് വില ഉയർത്തിയ നടപടിയും തുടങ്ങി സർക്കാർ പ്രതിക്കൂട്ടിലായി നിൽക്കുന്നതാണ് നിലവിലെ സാഹചര്യം.
കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗം കൂടുതല്‍ മാരകമായി മാറുമെന്നതിന് ഉദാഹരണമായി യുഎസിന്‍റെയും യൂറോപ്പിന്‍റെയും അനുഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ടായിട്ടുപോലും ഭരണാധികാരികള്‍ മുന്‍ കരുതല്‍ നടപടികള്‍ എടുക്കാതിരിക്കുകയും വൈദ്യ മേഖലയിലെ തയ്യാറെടുപ്പുകളെ കാറ്റില്‍ പറത്തുകയും ചെയ്‌തിരിക്കുന്നു. ഇത്തരത്തിലുള്ള നിരുത്തരപരമായ തീരുമാനങ്ങളാണ് കൊവിഡ് രണ്ടാം തരംഗത്തിൽ രാജ്യത്തെ ഇത്രമാത്രം പിടിച്ചുലക്കാൻ ഇടയാക്കിയത്.
കഴിഞ്ഞ വര്‍ഷം ഇതേ കാലത്തുണ്ടായ സ്ഥിതിഗതികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോഴുള്ള സാഹചര്യത്തില്‍ ഏറെ പുരോഗതിയുണ്ടായിട്ടുണ്ടെന്ന് പ്രധാനമന്ത്രി അവകാശപ്പെടുന്നുവെങ്കിലും കൊവിഡ് ബാധിതരാകുന്നവരുടെ എണ്ണം മൂന്നിരട്ടിയായി വർധിക്കുകയാണ് ചെയ്‌തത്. പ്രതിദിന കൊവിഡ് കേസുകൾ മൂന്ന് ലക്ഷം കടന്നതും കൊവിഡ് മരണം വർധിച്ചതും ഈ പ്രതിസന്ധിയുടെ ആഘാതം എത്ര വലുതാണെന്ന് കാണിച്ചു തരുന്നു.
കൊവിഡ് പരിശോധന നടത്തുന്ന കേന്ദ്രങ്ങളുടെ എണ്ണം 2500 ആക്കി വര്‍ധിപ്പിച്ചെന്നും കേന്ദ്ര സർക്കാർ അവകാശപ്പെടുന്നുണ്ട്. എന്നാൽ രോഗികളുടെ എണ്ണം വർധിച്ചതും തിരക്കും മൂലം ദേശിയ തലസ്ഥാനത്ത് രണ്ട് ദിവസമായി കൊവിഡ് പരിശോധനകൾ നിർത്തിവച്ചിരിക്കുകയാണ്. കൊവിഡ് സ്‌പെഷ്യൽ ആശുപത്രികൾ ആരംഭിച്ചു എന്ന സർക്കാരിന്‍റെ വാദവും ഇവിടെ പൊളിയുകയാണ്. രോഗബാധിതരുടെ എണ്ണം വർധിക്കുന്നതിലൂടെ കിടക്കകളുടെ ദൗർലഭ്യവും ഒട്ടുമിക്ക പ്രദേശങ്ങളിലും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
രാജ്യത്ത് ഒഴിവാക്കാൻ കഴിയുമായിരുന്ന ഓക്‌സിജൻ ദൗർലഭ്യ മരണങ്ങളും വർധിക്കുകയാണ്. കഴിഞ്ഞ ദിവസം ഡൽഹിയിലെ സർ ഗംഗാ റാം ആശുപത്രിയിൽ ഓക്‌സിജൻ ലഭിക്കാതെ 25 പേരാണ് മരിച്ചത്. 70ൽ അധികം രാജ്യങ്ങൾക്ക് 6.6 കോടി ഡോസ് കൊവിഡ് വാക്‌സിനാണ് ഇന്ത്യ ഇതുവരെ കയറ്റുമതി ചെയ്‌തിട്ടുള്ളത്. രണ്ടാം തരംഗത്തിന് മുന്നോടിയായി സ്വന്തം ജനങ്ങൾക്ക് വാക്‌സിൻ നൽകുന്നതിലൂടെ ഒഴിവാക്കാൻ കഴിയുമായിരുന്ന സാഹചര്യം എന്നാൽ ഇന്ന് ആസന്നമായി കഴിഞ്ഞിരിക്കുന്നു. ചികിത്സിച്ച് ഭേദമാക്കാവുന്ന രോഗങ്ങളുള്ളവർ പോലും മരണപ്പെടുന്നുവെന്ന് യുവഡോക്‌ടർന്മാർ പറയുമ്പോൾ സർക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടാകുന്ന അലംഭാവം എത്ര വലുതാണെന്ന് മനസിലാകും.
162 ഓക്‌സിജന്‍ നിര്‍മാണ കേന്ദ്രങ്ങള്‍ സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഇതിൽ അഞ്ചിലൊന്ന് ശതമാനം മാത്രമാണ് യഥാർഥത്തിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. കൊവിഡ് നിയന്ത്രണത്തിനായി പ്രധാനമന്ത്രി നിയോഗിച്ചിട്ടുള്ള ടാസ്‌ക് ഫോഴ്‌സ് ഉത്തരവാദിത്വങ്ങൾ കൃത്യമായി നടത്തിയിരുന്നുവെങ്കിൽ ഒരിക്കലും ഈ അവസ്ഥയിലേക്ക് രാജ്യം കൂപ്പുകുത്തില്ലായിരുന്നു. സർക്കാരിന്‍റെ നിലവിലെ വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട നയവും ഏറെയൊന്നും പ്രതീക്ഷ നൽകുന്നതല്ല.
ലോകത്ത് ആകെ നിര്‍മിക്കുന്നതിൽ 60 ശതമാനം വാക്‌സിനും ഇന്ത്യയിലാണ് നിര്‍മിക്കുന്നത്. അത്തരം ഒരു രാജ്യം പ്രതിരോധ മരുന്നിന്‍റെ ദൗര്‍ലഭ്യത നേരിടുന്നു എന്നുള്ളത് ആരേയും ഞെട്ടിപ്പിക്കുന്ന കാര്യമാണ്. വാക്‌സിൻ കൊവിഡിന്‍റെ ഭീഷണിയെ മറികടക്കുവാന്‍ സഹായിക്കും എന്നാണ് മൊത്തം ലോകവും വിശ്വസിക്കുന്നത്. വാക്‌സിന് മരണം തടയാൻ കഴിയുമെന്നും രോഗ വ്യാപനത്തെ പിടിച്ചു നിര്‍ത്താന്‍ കഴിയുമെന്നും ലോകം വിശ്വസിക്കുന്നു.
കൊവിഡ് പ്രതിരോധ മരുന്നുകള്‍ ഇപ്പോഴും അതിന്‍റെ പരീക്ഷണഘട്ടത്തില്‍ തന്നെയാണെങ്കിലും തങ്ങളുടെ 30 കോടി ജനസംഖ്യക്ക് നല്‍കുന്നതിനായി 60 കോടി ഡോസുകള്‍ക്ക് ഓര്‍ഡര്‍ നല്‍കുകയും അതിനുവേണ്ട പണം പൂര്‍ണമായും മുന്‍ കൂറായി നല്‍കുകയും ചെയ്‌തിരിക്കുന്നു യു എസ്. അതേ സമയം 130 കോടി ജനങ്ങളുള്ള ഇന്ത്യയിലാകട്ടെ ഇതുവരെ ഓര്‍ഡര്‍ നല്‍കിയിട്ടുള്ളത് വെറും 1.10 കോടി ഡോസുകള്‍ക്കും.
ഘട്ടങ്ങളായി നടക്കുന്ന വാക്‌സിനേഷൻ പരിപാടി ജനുവരി 16ന് തുടങ്ങിയെങ്കിലും ആദ്യഘട്ടത്തില്‍ മൂന്ന് കോടി മുന്നണി പോരാളികളില്‍ വെറും 37 ശതമാനത്തിന് മാത്രമാണ് വാക്‌സിൻ ലഭ്യമാക്കിയത്. അതിനു ശേഷം 45 വയസിനും 60 വയസിനുമിടയിലുള്ള എല്ലാവര്‍ക്കും പ്രതിരോധ മരുന്ന് നല്‍കുവാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കി. എന്നാല്‍ നിരവധി സംസ്ഥാനങ്ങള്‍ വാക്‌സിന് വേണ്ടി കേന്ദ്ര സർക്കാരിനോട് യാചിക്കുന്ന ഒരു സ്ഥിതി വിശേഷമാണ് ഇന്നുള്ളത്. ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കുവാനുള്ള അനുമതി തേടികൊണ്ട് വാക്‌സിൻ നിർമാതാക്കൾ നല്‍കിയ അപേക്ഷകളിന്മേല്‍ തീരുമാനമെടുക്കുവാനുണ്ടായ കാലതാമസവും പ്രതിരോധ മരുന്ന് നിര്‍മാണത്തില്‍ പങ്കാളികളാകുവാന്‍ മൂന്ന് പൊതു മേഖലാ സ്ഥാപനങ്ങളെ സജ്ജമാക്കുന്നതിലുണ്ടായ പിഴവും കാലതാമസവും വൈറസ് അപകടകരമായ ജനിതക മാറ്റങ്ങള്‍ക്ക് വിധേയമാകുന്നതിലേക്ക് നയിച്ചു.
വാക്‌സിൻ നിര്‍മാതാക്കള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുന്നു എന്നതാണ് വാക്‌സിനുമായി ബന്ധപ്പെട്ടു വരുന്ന പുതിയ വാർത്ത. അതേ സമയം തന്നെ പ്രായപൂര്‍ത്തിയായവര്‍ക്കെല്ലാം പ്രതിരോധ കുത്തിവെയ്പ്പ് നല്‍കാമെന്നുള്ള പ്രഖ്യാപനവും സര്‍ക്കാര്‍ നടത്തിയതോടെ 18 വയസ് കഴിഞ്ഞ എല്ലാവരും പ്രതിരോധ കുത്തിവെയ്പ്പ് ലഭിക്കുവാന്‍ അര്‍ഹതയുള്ളവരായി മാറിയിരിക്കുന്നു. 45 വയസും അതിനു മുകളിലും പ്രായമുള്ളവര്‍ക്കുള്ള പ്രതിരോധ കുത്തിവെയ്പ്പ് നല്‍കല്‍ ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാര്‍ തങ്ങളില്‍ തന്നെ നിക്ഷിപ്തമാക്കിയപ്പോള്‍ ബാക്കിയുള്ള പ്രായഗണത്തില്‍പ്പെട്ടവരുടെ ഉത്തരവാദിത്വം സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ മേഖലക്കും വിട്ടു കൊടുത്തിരിക്കുന്നു.
അനുദിനം ഇല്ലാതായി കൊണ്ടിരിക്കുന്ന തൊഴിലവസരങ്ങള്‍ മൂലം ജനങ്ങള്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളാണ് അനുഭവിച്ചു വരുന്നത്. റവന്യൂ വരുമാനം കുത്തനെ താഴ്ന്നതിന്‍റെ ഫലമായി സംസ്ഥാന സര്‍ക്കാരുകളും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുകയാണ്. അത്തരമൊരു നിര്‍ണായക ഘട്ടത്തില്‍ ഉത്തരവാദിത്തങ്ങളില്‍ നിന്ന് തലയൂരി കൈകഴുകിയിരിക്കുന്ന കേന്ദ്രത്തിന്‍റെ നിലപാട് യുക്തിരഹിതമാണ്. പ്രതിരോധ മരുന്നുകളുടെ സ്‌റ്റോക്കുകള്‍ പരിമിതമായി തുടങ്ങിയതോടെ സാമ്പത്തിക ശേഷിയുള്ള സംസ്ഥാനങ്ങളും മറ്റുള്ള സംസ്ഥാനങ്ങളും തമ്മിൽ വാക്‌സിന് വേണ്ടി പരസ്‌പരം മത്സരിക്കുകയാണ്.
തുല്യതയില്ലാത്ത ഈ മത്സരം രാജ്യത്തിന്‍റെ ഫെഡറല്‍ സ്വഭാവത്തിന്‍റെ കടയ്ക്കൽ കത്തി വക്കുന്നതിന് സമമാണ്. എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിനേറ്റ് ചെയ്യുന്നതിനൊപ്പം ആവശ്യത്തിന് വാക്‌സിൻ നിര്‍മാണവും കേന്ദ്ര സര്‍ക്കാരിന് ഉറപ്പ് നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ കൊവിഡ് ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന മരണം നിയന്ത്രിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.