മുംബൈ: കൊവിഡ് വ്യാപനം രൂക്ഷമായി നിലനിൽക്കുന്ന സാഹചര്യത്തിലും മഹാരാഷ്‌ട്രയിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ നിരവധി ജനങ്ങൾ. ശനിയാഴ്‌ച രാവിലെ മുംബൈയിലെ ദാദർ മാർക്കറ്റിലും ശിവാജി പാർക്കിലും വൻ ജനാവലിയാണ് ഉണ്ടായത്. സാമൂഹിക അകലം പാലിക്കാതെയും മാസ്‌ക് ധരിക്കാതെയും നിരവധി പേരാണ് പൊതുസ്ഥലങ്ങളിൽ കൂട്ടം കൂടുന്നത്. നിലവിൽ മുംബൈയിൽ മാത്രം 3,062 പുതിയ കേസുകളും 10 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്‌തത്. 1,334 പേർ കൂടി രോഗമുക്തരായതോടെ ആകെ രോഗമുക്തി 3,23,281 ആയി. മുംബൈയിൽ ആകെ സജീവ കേസുകളുടെ എണ്ണം 20,140 ആയി. 11,565 പേരാണ് ഇതുവരെ മരണപ്പെട്ടത്.
മഹാരാഷ്‌ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 13,601 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 58 പേർ കൂടി മരിച്ചതോടെ ആകെ മരണം 53,138 ആയി ഉയർന്നു. രാജ്യത്തെ തന്നെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനം കൂടിയാണ് മഹാരാഷ്ട്ര. നിലവിൽ സജീവ കേസുകളുടെ എണ്ണം 1,676,37 ആണ്. വൈറസ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ദിനംപ്രതി മൂന്ന് ലക്ഷം പേർക്ക് കുത്തിവയ്പ്പ് നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ പറഞ്ഞു. സംസ്ഥാനം രണ്ടാംഘട്ട വ്യാപനം നേരിടുന്ന സാഹചര്യമാണെങ്കിലും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം കൊവിഡ് കേസുകൾ വർധിക്കുന്നതിനെ തുടർന്ന് മാർച്ച് 15 മുതൽ 21 വരെ നാഗ്‌പൂർ ജില്ലയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. അവശ്യ സേവനങ്ങളായ പച്ചക്കറി, പഴം, പാൽ കടകൾ എന്നിവ മാത്രമേ തുറക്കാൻ അനുവദിക്കുകയുള്ളുവെന്ന് ജില്ലാ ഭരണകൂടം പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. അമരാവതി, യാവത്മാൽ, ലത്തൂർ തുടങ്ങിയ ജില്ലകളെ ഇതിനോടകം തന്നെ നിയന്ത്രണ മേഖലകളിൽ ഉൾപെടുത്തിയിട്ടുണ്ട്. ഔറംഗബാദിലും വാരാന്ത്യങ്ങളിൽ പൂർണമായ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്.