ബാങ്കോക്ക്: തായ്‌ലന്‍റില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 745 കൊവിഡ് കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്തു. ബാങ്കോക്കിൽ ഒരു മരണം കൂടി സ്ഥിരീകരിച്ചു. ബാങ്കോക്കില്‍ സെമി ലോക്ക്ഡൗൺ നിലവിലുണ്ട്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 8,439 ആയി ഉയർന്നുവെന്നും മരണസംഖ്യ 65 ആയി ഉയർന്നതായും അധികൃതര്‍ അറിയിച്ചു. ബാങ്കോക്കിന് അടുത്തുള്ള പ്രവിശ്യയായ സമൂത് സഖോനിലെ 152 തായികളും 577 കുടിയേറ്റ തൊഴിലാളികളും കൊവിഡ് ബാധിതരില്‍ ഉള്‍പ്പെടുന്നു. ഇതോടെ സമൂത് സഖോനി രണ്ടാം ഘട്ട കൊവിഡ് വ്യാപനത്തിന്‍റെ പ്രഭവകേന്ദ്രമായി മാറി. രോഗം ബാധിച്ച മിക്കവാറും എല്ലാ തൊഴിലാളികളും മത്സ്യ മാർക്കറ്റുകളിലും ഫാക്ടറികളിലും ജോലി ചെയ്യുന്നവരാണ്. ഡിസംബർ അവസാനത്തോടെ ആരംഭിച്ച വ്യാപനത്തില്‍ തായ്‌ലന്‍റിലെ 73 പ്രവിശ്യകളിൽ 54 എണ്ണത്തിലും വൈറസ് സാന്നിധ്യം കണ്ടെത്തി.
തിങ്കളാഴ്ച മുതൽ എല്ലാ സ്കൂളുകളും അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. ബാറുകൾ, മസാജ് പാർലറുകൾ, കളിസ്ഥലങ്ങൾ എന്നിവ അടയ്ക്കുക, പൊതുസമ്മേളനങ്ങൾ നിരോധിക്കുക എന്നിവയുൾപ്പടെ വൈറസ് പടരുന്നത് തടയാൻ എല്ലാ നടപടികളും സ്വീകരിച്ചതായും അധികൃതര്‍ വ്യക്തമാക്കി. ഷോപ്പിംഗ് മാളുകളോ സ്റ്റോറുകളോ ഇത് ഇതുവരെ അടച്ചിട്ടില്ല, അതേസമയം റെസ്റ്റോറന്‍റുകള്‍ ഇപ്പോഴും പ്രവർത്തിക്കാൻ അനുമതിയുണ്ടെങ്കിലും ലഹരിപാനീയങ്ങൾ വില്‍ക്കാനാവില്ല.
പ്രവിശ്യാ ഗവർണർമാർക്ക് അവരുടേതായ കർശന നടപടികൾ ക്രമീകരിക്കാൻ കഴിയും. എല്ലാ ഭക്ഷണശാലകൾക്കും വൈകുന്നേരം 7 മണി മുതൽ മാത്രമേ ടേക്ക്എവേ സേവനം ചെയ്യാൻ കഴിയൂ എന്ന് ബാങ്കോക്ക് അധികൃതർ അറിയിച്ചു. രാജ്യത്തുടനീളമുള്ള വൈറസിന്‍റെ വ്യാപനം മന്ദഗതിയിലാകുന്നില്ലെങ്കിൽ കർശന നടപടികളും സർക്കാർ പരിഗണനയിലുണ്ട്.