കൊൽക്കത്ത : കൊവിഡ് വ്യാപനവും ഓക്‌സിജൻ ക്ഷാമവും നേരിടുന്ന രാജ്യത്ത് ആശ്വാസവുമായി പോക്കറ്റ് വെന്‍റിലേറ്റർ കണ്ടുപിടിച്ച് ഡോ. രാമേന്ദ്ര ലാൽ മുഖർജി. ഗുരുതരമായ സാഹചര്യത്തിൽ രോഗികൾക്ക് വൈദ്യസഹായം ലഭിക്കുന്നതുവരെ ഇവ ഉപയോഗിക്കാനാകുമെന്ന് ഇദ്ദേഹം പറയുന്നു.
തനിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് പോക്കറ്റ് വെന്‍റിലേറ്റർ നിർമിച്ചാലോ എന്ന ആലോചന ഉടലെടുത്തതെന്ന് രാമേന്ദ്ര ലാൽ മുഖർജി ഇടിവി ഭാരതിനോട് പറഞ്ഞു. കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ അദ്ദേഹത്തിന്‍റെ ഓക്‌സിജൻ ലെവൽ 88 ആയി കുറയുകയും ശ്വസന പ്രശ്‌നങ്ങൾ ഉണ്ടാകുകയും ചെയ്‌തിരുന്നു.
കൊവിഡിൽ നിന്ന് രോഗമുക്തി നേടിയെങ്കിലും മറ്റുള്ളവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് തോന്നി. അതിനെ തുടർന്നാണ് പോക്കറ്റ് വെന്‍റിലേറ്റർ നിർമിക്കാൻ തീരുമാനിച്ചത്. തീരുമാനം എടുത്തതിന് പിന്നാലെ 20 ദിവസത്തിനുള്ളിൽ രൂപരേഖ തയ്യാറാക്കിയെന്നും അദ്ദേഹം വിശദീകരിച്ചു.
Also Read:മെഡിക്കൽ ഉപകരണങ്ങൾക്ക് നികുതി ഇളവ് : കേന്ദ്രത്തിന് നന്ദി അറിയിച്ച് ഹരിയാന
ഈ ഉപകരണത്തിന് രണ്ട് യൂണിറ്റുകളുണ്ട്. ഒരു യൂണിറ്റ് ബാറ്ററിയുടേതാണ്. മറ്റൊന്ന് വെന്‍റിലേറ്ററിന്‍റേതും. അതാണ് മാസ്‌കിൽ ഘടിപ്പിക്കുന്നത്. അതിലെ ഒരു ബട്ടൺ അമർത്തിയാൽ വെന്‍റിലേറ്ററിന്‍റെ പ്രവർത്തനം ആരംഭിക്കും.
കൊവിഡ് ബാധിച്ചവരിൽ ശ്വസന പ്രശ്‌നങ്ങൾ നേരിടുന്നവർക്ക് ഇത് പ്രയോജനപ്പെടും. ഇതിന് പാറ്റന്‍റിനായി അപേക്ഷിച്ചിരിക്കുകയാണെന്നും ഇലക്‌ട്രോണിക് എഞ്ചിനീയറായ രാമേന്ദ്രലാല്‍ മുഖര്‍ജി പറയുന്നു.