മുംബൈ: മഹാരാഷ്ട്രയില്‍ ആശുപത്രിക്കിടക്കയും ഓക്സിജനും ലഭിക്കാത്തതിനെത്തുടര്‍ന്ന് കൊവിഡ് രോഗി മരിച്ചു. പിന്നീട് ആശുപത്രി അധികൃതർ ഇതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയെങ്കിലും രോഗി മരണപ്പെടുകയായിരുന്നു. നാസിക്കിലെ ചന്ദ്‌വാഡ് ജില്ലയിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം. രോഗിയുടെ സാച്ചുറേഷൻ ലെവൽ 35 ൽ എത്തിയതിനെ തുടർന്ന് നില അതീവ ഗുരുതരമായിരുന്നു. ശ്വാസമെടുക്കാന്‍ പോലും ബുദ്ധിമുട്ടിയിരുന്ന രോഗിയുടെ ദൃശ്യം സിസിടിവിയില്‍ വ്യക്തമായിരുന്നു. ഇയാളുടെ ഭാര്യ സഹായത്തിനായി കരയുന്നതും വീഡിയോയിലുണ്ട്.
കൂടുതല്‍ വായനയ്ക്ക് : ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് വര്‍ധനയുമായി ഇന്ത്യ
അതേസമയം രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടി. മൂന്ന് ലക്ഷത്തിലധികം പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. ലോകത്തെ തന്നെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ഇതിനുമുമ്പ് ജനുവരി എട്ടിന് അമേരിക്കയില്‍ രേഖപ്പെടുത്തിയതാണ് ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്. അന്ന് 3,07,581 പേര്‍ക്കാണ് ഒരു ദിവസം കൊവിഡ് ബാധിച്ചത്. ഇതിനുശേഷം ലോകത്ത് ഇതാദ്യമാണ് ഈ നിരക്കിനെ ഒരു രാജ്യം മറി കടക്കുന്നത്. നേരത്തെ കൊവിഡ് വ്യാപനത്തിൽ ഇന്ത്യ ബ്രസീലിനെ മറികടന്നിരുന്നു.