ജറുസലേം: കൊവിഡ് വ്യാപനം ഗുരുതരമായി തുടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്ക് മെഡിക്കൽ ഉപകരണങ്ങൾ അയയ്ക്കാനൊരുങ്ങി ഇസ്രായേൽ. കൊവിഡ് വൈറസിനെതിരായ പോരാട്ടത്തിൽ ഇന്ത്യയെ സഹായിക്കുന്നതിനായി ഇസ്രായേൽ ആഴ്ചയിലുടനീളം ജീവൻ രക്ഷാ ഉപകരണങ്ങൾ അയക്കുമെന്ന് ജറുസലേം പ്രസ്താവനയിലൂടെ അറിയിച്ചു.
ഇന്ത്യയിലേക്ക് അയയ്‌ക്കേണ്ട മെഡിക്കൽ ഉപകരണങ്ങളിൽ ഓക്സിജൻ ജനറേറ്ററുകളും റെസ്പിറേറ്ററുകളും ഉണ്ടെന്നാണ് വിവരം. ചൊവ്വാഴ്ച മുതൽ നിരവധി വിമാനങ്ങളിലൂടെ ഉപകരണങ്ങൾ എത്തിക്കുമെന്ന് ഇസ്രായേല്‍ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
ഇസ്രായേലിന്റെ ഏറ്റവും അടുത്തതും പ്രധാനപ്പെട്ടതുമായ ഒരു സുഹൃത്താണ് ഇന്ത്യ. തങ്ങൾ ഇന്ത്യയ്‌ക്കൊപ്പം നിൽക്കുന്നു. പ്രത്യേകിച്ചും ഇന്ത്യ അനുഭവിക്കുന്ന ഈ പ്രയാസകരമായ സമയത്ത്. നമ്മുടെ ഇന്ത്യൻ സഹോദരങ്ങൾക്ക് ജീവൻ രക്ഷിക്കാനുള്ള ഉപകരണങ്ങൾ അയയ്ക്കുന്നുവെന്ന് വിദേശകാര്യ മന്ത്രി ഗാബി അഷ്‌കെനാസി പ്രസ്താവനയിൽ പറഞ്ഞു.