ന്യൂഡല്‍ഹി: വന്ദേഭാരത് മിഷന്‍റെ ഭാഗമായി വുഹാനിലേക്ക് പോയ എയര്‍ ഇന്ത്യ ഫ്ലൈറ്റിലെ 19 യാത്രക്കാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഒക്‌ടോബര്‍ 30ന് വുഹാനില്‍ എത്തിയ യാത്രികര്‍ക്ക് വിമാനത്താവളത്തില്‍ വെച്ച് നടത്തിയ പരിശോധനയിലാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. അതേസമയം കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് യാത്രികരെ വുഹാനില്‍ എത്തിച്ചതെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി. ന്യൂഡല്‍ഹിയില്‍ നിന്നാണ് സംഘം വുഹാനിലേക്ക് തിരിച്ചത്. ന്യൂഡല്‍ഹിയില്‍ നിന്നും വിമാനത്തില്‍ കയറുന്നതിന് മുമ്പേ യാത്രികര്‍ കൊവിഡ് നെഗറ്റീവാണെന്ന് ഉറപ്പിച്ചിരുന്നതായും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
വന്ദേ ഭാരത് മിഷന്‍റെ ഭാഗമായി വുഹാനിലേക്കുള്ള വിമാനയാത്രയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതിനിടെയാണ് യാത്രികര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചവരെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റിയതായും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. കൊവിഡ് നെഗറ്റീവെന്ന് കണ്ടെത്തിയതിന് ശേഷമെ ഇവര്‍ക്ക് ആശുപത്രി വിടാന്‍ സാധിക്കൂ. നിലവില്‍ ചൈനയില്‍ എത്തുന്നവര്‍ക്കെല്ലാം 14 ദിവസത്തെ ക്വാറന്‍റൈന്‍ നിര്‍ബന്ധമാണ്.