ന്യൂഡൽഹി: കൊവിഡ് രണ്ടാം തരംഗത്തിൽ ഇന്ത്യക്ക് കൈത്താങ്ങായി ലോക രാജ്യങ്ങൾ. അയർലന്‍റിൽ നിന്നുള്ള രണ്ട് ഓക്‌സിജൻ ജനറേറ്ററുകളും 548 ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾ, 365 വെന്‍റിലേറ്ററുകളും, മറ്റ് മെഡിക്കൽ ഉപകരണങ്ങളും ഇന്ത്യയില്‍ എത്തി. അയർലന്‍റിൽ നിന്നുള്ള രണ്ടാമത്തെ സഹായ സംഘമാണ് ഇന്ന് എത്തിയത്. സഹായത്തിൽ യൂറോപ്യൻ യൂണിയൻ അംഗമായ അയർലണ്ടിനോട് നന്ദിയുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ദിവസങ്ങൾക്ക് മുമ്പാണ് അയർലന്‍റിൽ നിന്ന് 700 യൂണിറ്റ് ഓക്സിജൻ കോൺസെൻട്രേറ്ററുകളും 365 വെന്‍റിലേറ്ററുകളും ഇന്ത്യയിൽ എത്തിയത്.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 3,57,229 പുതിയ കൊവിഡ് കേസുകളും 3,20,289 രോഗമുക്തിയും 3,449 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 2,02,82,833 ആണ്.
കൂടതൽ വായനയ്ക്: രാജ്യത്ത് പ്രതിദിന കൊവിഡ് ഇന്നും മൂന്നര ലക്ഷം കവിഞ്ഞു
കഴിഞ്ഞ ദിവസങ്ങളിൽ ജർമ്മനി, ബെൽജിയം, റൊമാനിയ, എന്നിവിടങ്ങളിൽ നിന്നുള്ള മെഡിക്കൽ സാമഗ്രികൾ രാജ്യത്ത് എത്തിയിട്ടുണ്ട്. ഇന്ത്യയ്ക്ക് സഹായവുമായി 40 രാജ്യങ്ങൾ മുന്നോട്ട് വന്നിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. വിവിധ ഇടങ്ങളിൽ നിന്ന് 550 ലധികം ഓക്സിജൻ പ്ലാന്‍റുകളാണ് ഇന്ത്യയിൽ എത്തുന്നത്.
ആവശ്യമായ ഓക്സിജൻ പ്ലാന്‍റുകളും മരുന്നുകളുമായി ഫ്രാൻസ്, ജർമ്മനി, ബെൽജിയം എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ വിമാനങ്ങൾ ഇന്ത്യയിൽ എത്തിയിട്ടുണ്ടെന്ന് യൂറോപ്യൻ യൂണിയന്‍റെ ഇന്ത്യ അംബാസഡർ ഉഗോ അസ്റ്റുട്ടോ അറിയിച്ചിരുന്നു.