ബെംഗളൂരു: കര്‍ണാടകയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നതായി റിപ്പോര്‍ട്ട്. ദര്‍വാഡിലുള്ള എസ്‌ഡിഎം കോളജ് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് കൊവിഡ് വ്യാപനം രൂക്ഷമായത്. വെള്ളിയാഴ്‌ച 116 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രണ്ട് ദിവസത്തിനിടെ രോഗം ബാധിച്ചവരുടെ എണ്ണം 182 ആയി ഉയര്‍ന്നു.
നവംബര്‍ 17ന് കോളജില്‍ നടന്ന പരിപാടിയില്‍ നിന്നാണ് കൊവിഡ് പടര്‍ന്നതെന്നാണ് നിഗമനം. പരിപാടിയില്‍ വിദ്യാര്‍ഥികള്‍ക്ക് പുറമേ മാതാപിതാക്കളും പങ്കെടുത്തിരുന്നു.
കൊവിഡ് ബാധിതരില്‍ ഭൂരിഭാഗം പേരും രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവരാണെന്ന് അധികൃതര്‍ പറഞ്ഞു. 300 ലധികം വിദ്യാര്‍ഥികളിലാണ് കഴിഞ്ഞ ദിവസം കൊവിഡ് പരിശോധന നടത്തിയത്. ഇതില്‍ 66 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ പേരെ പരിശോധനക്ക് വിധേയരാക്കുന്നുണ്ട്.
പുതിയ വകഭേദമുണ്ടോയെന്നറിയാന്‍ രോഗബാധിതരുടെ സാമ്പിള്‍ ജെനോം സീക്വന്‍സിങിനായി അയച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. കൊവിഡ് സ്ഥിരീകരിച്ചവര്‍ ക്യാമ്പസിനുള്ളില്‍ ക്വാറന്‍റൈനില്‍ കഴിയുകയാണ്. മുന്‍കരുതലിന്‍റെ ഭാഗമായി രണ്ട് ഹോസ്‌റ്റലുകള്‍ സീല്‍ ചെയ്‌തിട്ടുണ്ട്.
Also read: Kerala Covid Updates | സംസ്ഥാനത്ത് 4,677 പേര്‍ക്ക് കൂടി കൊവിഡ്; 33 മരണം