ന്യൂഡൽഹി : രാജ്യത്ത് കൊവിഡ്-19 കേസുകൾ വർദ്ധിക്കുകയും പുതിയ ജെഎൻ 1 വകഭേദത്തിന്‍റെ ആദ്യ കേസ് കണ്ടെത്തുകയും ചെയ്‌ത സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കാൻ കേന്ദ്രം സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടു (Centre on Covid And JN1). 'കൊവിഡ്-19 വൈറസ് വ്യാപിക്കുകയും കാലാവസ്ഥാമാറ്റം ഇതില്‍ വെല്ലുവിളി സൃഷ്‌ടിക്കുകയും ചെയ്യാന്‍ സാധ്യതുള്ളതിനാല്‍ മാഹാമാരികളെ ഫലപ്രദമായി നേരിടാൻ കൂടുതല്‍ ജാഗ്രത പ്രധാനമാണ്' - സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അയച്ച കത്തിൽ, കേന്ദ്ര ആരോഗ്യ സെക്രട്ടറി സുധാൻഷ് പന്ത് അടിവരയിട്ട് പറയുന്നു. അടുത്തിടെ, കേരളം പോലുള്ള ചില സംസ്ഥാനങ്ങളിൽ കൊവിഡ്-19 കേസുകളുടെ എണ്ണത്തിൽ നേരിയ വർധനവുണ്ടായതായി പന്ത് ചൂണ്ടിക്കാട്ടി.
ഡിസംബർ 8 ന് കേരളത്തിലാണ് കൊവിഡ്-19 ഉപ വകഭേദമായ ജെഎൻ1ന്‍റെ ഇന്ത്യയിലെ ആദ്യത്തെ കേസ് കണ്ടെത്തിയത്. നേരത്തെ, തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി ജില്ലയിൽ നിന്നുള്ള ഒരു യാത്രക്കാരന് സിംഗപ്പൂരിൽ ജെഎൻ1 വകഭേദം സ്ഥിരീകരിച്ചിരുന്നു. വരാനിരിക്കുന്ന ഉത്സവ സീസൺ കണക്കിലെടുത്ത്, രോഗം പകരാനുള്ള സാധ്യത കുറയ്ക്കുന്നതിന് ആവശ്യമായ പൊതുജനാരോഗ്യ നടപടികളും മറ്റ് ക്രമീകരണങ്ങളും സംസ്ഥാനങ്ങൾ ഏർപ്പെടുത്തണമെന്നും പന്ത് ആവശ്യപ്പെട്ടു.
കൊവിഡ്-19നുമായി ബന്ധപ്പെട്ട പുതുക്കിയ മാർഗനിർദ്ദേശങ്ങൾ ഫലപ്രദമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും ഇൻഫ്ലുവൻസ പോലുള്ള അസുഖങ്ങള്‍ (ഐഎൽഐ), സിവിയർ അക്യൂട്ട് റെസ്‌പിറേറ്ററി ഇൽനസ് (എസ്ആർഐ) എന്നിവയുടെ ജില്ല തിരിച്ചുള്ള കേസുകൾ നിരീക്ഷിക്കാനും റിപ്പോർട്ട് ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്.
കൊവിഡ്-19 പരിശോധനാ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് എല്ലാ ജില്ലകളിലും മതിയായ പരിശോധന ഉറപ്പാക്കണം. ആർടി-പിസിആർ ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കേണ്ടതുണ്ടെന്നും രാജ്യത്ത് പുതിയ വകഭേദങ്ങളുണ്ടെങ്കിൽ സമയബന്ധിതമായി കണ്ടെത്തുന്നതിന് ഇന്ത്യൻ എസ്‌എആര്‍എസ് സിഒവി-2 ജീനോമിക്‌സ് കൺസോർഷ്യം ലബോറട്ടറികളിലേക്ക് ജീനോം സീക്വൻസിംഗിനായി പോസിറ്റീവ് സാമ്പിളുകൾ അയയ്‌ക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
കൊവിഡ്-19 കൈകാര്യം ചെയ്യുന്നതിൽ ജനങ്ങളുടെ തുടർച്ചയായ പിന്തുണ തേടുന്നതിന് കമ്മ്യൂണിറ്റി അവബോധം പ്രോത്സാഹിപ്പിക്കാനും കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.