ഹൈദരാബാദ്: കൊവിഡ് രണ്ടാം തരംഗം നേരിടാൻ തെലങ്കാന സർക്കാരിന് പിന്തുണയുമായി തെലങ്കാന ഇൻഡസ്ട്രിയലിസ്റ്റ് ഫെഡറേഷൻ (ടിഐഎഫ്). 40 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ നഗരവികസന മന്ത്രി കെടി രാമ റാവുവിന് ടിഐഎഫ് നൽകി. ഓക്സിജൻ കോൺസെൻട്രേറ്ററുകൾ വിദേശ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തതായും കൊവിഡിനെതിരായ പോരാട്ടത്തിൽ സർക്കാരിനെ പിന്തുണയ്ക്കുന്നതിനായി പണം സ്വരൂപിക്കുകയും ചെയ്തുവെന്ന് ടിഐഎഫ് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
Read Also…….തെലങ്കാനയിൽ 48 ഓക്സിജൻ പ്ലാന്‍റുകൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി
ഗ്രാമീണ മേഖലയിലെ കൊവിഡ് ബാധിതര്‍ക്കായി ഓക്സിജൻ കോൺസെൻട്രേറ്ററുകൾ ഉപയോഗിക്കാൻ ടിഐഎഫ് മന്ത്രിയോട് അഭ്യർത്ഥിച്ചു. കൊവിഡിനെതിരായ പോരാട്ടത്തിൽ സംസ്ഥാനത്തെ സഹായിക്കാനുള്ള ടിഐഎഫിന്‍റെ ശ്രമങ്ങളെ രാമ റാവു അഭിനന്ദിച്ചു. പകർച്ചവ്യാധികൾക്കിടയിൽ ജനങ്ങളെ സഹായിക്കാൻ വ്യവസായികൾ മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു സംസ്ഥാനത്തെ ഓക്സിജന്‍ ലഭ്യത വിലയിരുത്താനായി ഇന്ന് ഉന്നതതല യോഗം വിളിച്ചിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച് തെലങ്കാനയിൽ 49,341 സജീവ കൊവിഡ് കേസുകളുണ്ട്. പകർച്ചവ്യാധി ആരംഭിച്ചതിനുശേഷം സംസ്ഥാനത്ത് 4,80,458 രോഗമുക്തിയും 2,985 മരണങ്ങളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.