ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു വാറങ്കല്‍ എംജിഎം ആശുപത്രി സന്ദർശിച്ചു. ജില്ലയിലെ കൊവിഡ് പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായിട്ടാണ് മുഖ്യമന്ത്രി വാറങ്കലിലെ മഹാത്മഗാന്ധി മെഡിക്കൽ കോളജിലെത്തിയത്. വെളളിയാഴ്ച ഉച്ചയ്ക്ക് 12: 45 ഓടെയാണ് റാവു ആശുപത്രിയിലെത്തിയത്. തീവ്രപരിചരണ വിഭാഗം സന്ദർശിക്കുകയും രോഗികളോട് സംസാരിക്കുകയും അവർക്ക് നൽകുന്ന ചികിത്സയെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു.
ജനറൽ വാർഡ് സന്ദർശിച്ച അദ്ദേഹം അവിടെയുള്ള രോഗികളുമായി സംവദിച്ചു. ഡോക്ടർമാരുമായി സംസാരിക്കുകയും മെഡിക്കൽ സ്റ്റാഫ് നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു. രോഗികൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും നൽകണമെന്ന് മുഖ്യമന്ത്രി അവിടത്തെ മെഡിക്കൽ, ആരോഗ്യ വകുപ്പ് മുതിർന്ന ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. മന്ത്രിമാരായ ഇ ദയകർ റാവു, സത്യവതി റാത്തോഡ്, വാറങ്കൽ ഈസ്റ്റ് എംഎൽഎ നന്നപ്പുനേനി രവീന്ദർ, വാറങ്കൽ വെസ്റ്റ് എംഎൽഎ ദസ്യാം വിനയ് ഭാസ്‌കർ തുടങ്ങിയവർ മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
Also Read:ആന്ധ്ര എം.പി കെ രഘു രാമകൃഷ്ണ രാജുവിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് 3,660 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 4,826 പേർ രോഗമുക്തരായി. 23 മരണങ്ങളും തെലങ്കാനയിൽ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 5,44,263 ആണ് ഇതിൽ 4,95,446 പേർ രോഗമുക്തരായി. 3,060 മരണങ്ങളാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് നിലവിൽ 45,757 പേർ ചികിത്സയിലുണ്ട്.