ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം സെപ്‌റ്റംബർ, ഒക്‌ടോബർ മാസത്തോടെ സംഭവിക്കുമെന്ന് ഐഐടി കാൺപൂർ പഠനം. പ്രൊഫ. രാജേഷ് രജ്ഞനിന്‍റെ പഠനമാണ് പുറത്ത് വന്നത്. ജനങ്ങൾക്കിടയിൽ കൊവിഡ് മൂന്നാം തരംഗത്തിനെ സംബന്ധിച്ച് വലിയ ഭയമാണുള്ളത്. രണ്ടാം തരംഗത്തെ മുൻ നിർത്തി മൂന്നാം തരംഗത്തിനെപ്പറ്റിയുള്ള മൂന്ന് നിഗമനത്തിലെത്തിയിട്ടുണ്ട്. ജൂൺ 15നുള്ളിൽ ഇന്ത്യ മുഴുവനുമായി അൺലോക്കിലേക്ക് മാറുമെന്ന കണക്കു കൂട്ടലിലാണ് പഠനം.
ഐഐടി കാൺപൂർ പഠനം
ഒന്നാം വിലയിരുത്തൽ പ്രകാരം മൂന്നാം തരംഗം ഒക്‌ടോബറിലൂടെ രൂക്ഷമാകുമെന്നും എന്നാൽ ഇത് കൊവിഡ് രണ്ടാം തരംഗത്തിനേക്കാൾ കുറവായിരിക്കും എന്നതാണ്. രണ്ടാമത്തെ വിലയിരുത്തൽ പ്രകാരം രണ്ടാം തരംഗത്തേക്കാൾ ഉയർന്ന സാഹചര്യത്തിലേക്ക് നീങ്ങുന്നതും സെപ്‌റ്റംബർ ആദ്യവാരത്തോടെ സംഭവിക്കുമെന്നതാണ്. മൂന്നാമത്തെ വിലയിരുത്തൽ പ്രകാരം കർശനമായ നിയന്ത്രണങ്ങളോടെ ഒക്‌ടോബർ അവസാനത്തോടെ കൊവിഡ് രൂക്ഷമായ അവസ്ഥയിലേക്ക് നീങ്ങുമെന്നതുമാണ്. ഇതിൽ കൊവിഡ് മൂർച്ഛിക്കുന്ന അവസ്ഥ രണ്ടാം തരംഗത്തിനേക്കാൾ കുറവായിരിക്കും.
READ MORE: ഇന്ത്യയിലെ കൊവിഡ് വാക്‌സിനേഷൻ 28 കോടി പിന്നിട്ടു
നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങൾ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും കൊവിഡ് രണ്ടാം തരംഗം സംഭവിച്ചിരുന്നു. ഇന്ത്യയിൽ നിരവധി സംസ്ഥാനങ്ങളിൽ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിൽ കുറവ് റിപ്പോർട്ട് ചെയ്യുമ്പോൾ കേരളം, ഗോവ, സിക്കിം, മേഘാലയ അടക്കമുള്ള സംസ്ഥാനങ്ങളിൽ പത്തിന് മുകളിൽ തന്നെയാണ് നിലവിലെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക്.
ഇന്ത്യയിലെ കൊവിഡ് കണക്ക്
അതേ സമയം ഇന്ത്യയിലെ കൊവിഡ് കേസുകൾ കുറയുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 53,256 പേർക്കാണ് രാജ്യത്ത് കൊവിഡ് റിപ്പോർട്ട് ചെയ്‌തത്. കഴിഞ്ഞ 88 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. കഴിഞ്ഞ രണ്ടാഴ്‌ചയായി ഒരു ലക്ഷത്തിൽ കുറവ് കൊവിഡ് കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്തെ സജീവ കൊവിഡ് കേസുകൾ 7,02,887 ആണ്.
READ MORE: 29.35 കോടി വാക്‌സിൻ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയെന്ന് കേന്ദ്രം