ജയ്‌പൂർ: സംസ്ഥാനത്ത് രാത്രി കർഫ്യൂ ഏർപ്പെടുത്തി രാജസ്ഥാൻ സർക്കാർ. വർധിച്ച് വരുന്ന കൊവിഡിന്‍റെ പശ്ചാത്തലത്തിൽ ഡിസംബർ 31രാത്രി എട്ട് മുതൽ ജനുവരി ഒന്ന് രാവിലെ ആറ് വരെയാണ് കർഫ്യൂ ഏർപ്പെടുത്തിയത്. സംസ്ഥാനത്തെ എല്ലാ നഗരങ്ങളിലുമാണ് കർഫ്യൂ ഏർപ്പെടുത്തിയത്. കർഫ്യൂ ഏർപ്പെടുത്തിയ പ്രദേശങ്ങളിലെ കടകൾ രാത്രി ഏഴ് മണിക്ക് അടയ്ക്കും. പുതുവത്സരത്തോടനുബന്ധിച്ചുള്ള ഒത്തുചേരലുകൾ നിയന്ത്രിക്കുമെന്നും പടക്കം പൊട്ടിക്കുന്നത് നിരോധിക്കുമെന്നും അധികൃതർ വ്യക്തമാക്കി. എല്ലാ ആരാധനാലയങ്ങളിലും ആറ് അടി സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക എന്നിവ നിർബന്ധമാണ്.
സംസ്ഥാനത്ത് 992 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,01,708 ആയി. പുതിയതായി എട്ട് കൊവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം 2,642 ആയി. 937 പേർക്ക് രോഗം ഭേദമായതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 2,87,418 ആയി. സംസ്ഥാനത്തിപ്പോൾ 1,736 സജീവ രോഗ ബാധിതരാണ് നിലവിലുള്ളത്.