മുംബൈ: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് മാത്രം യാത്ര ചെയ്യാൻ പ്രത്യേക ട്രെയിൻ സർവീസൊരുക്കി മഹാരാഷ്‌ട്ര. ആരോഗ്യ പ്രവർത്തകരും സർക്കാർ ഓഫിസുകളിൽ ജോലി ചെയ്യുന്നവർക്കും മാത്രമായാണ് സബർബൻ ട്രെയിൻ സർവീസ് പ്രത്യേകമായി ഒരുക്കിയിട്ടുള്ളത്. നിലവിൽ മാധ്യമപ്രവർത്തകരെ ഒഴിവാക്കിയിട്ടുണ്ട്.
സർക്കാരിന്‍റെ 'ബ്രേക്ക്-ദി-ചെയിൻ' പരിപാടിക്ക് കീഴിലുള്ള പുതിയ നിയന്ത്രണങ്ങൾ വ്യാഴാഴ്ച രാത്രി എട്ട് മണിമുതൽ സംസ്ഥാനത്ത് നിലവിൽ വന്നിട്ടുണ്ട്. സർക്കാർ ഉദ്യോഗസ്ഥർക്കുള്ള വർക്ക് ഫ്രം ഹോം നിലവിൽ അനുവദിച്ചിട്ടില്ല. ഓഫിസുകളിൽ ഇ-ഓഫീസും ടെലി മീറ്റിങ് സംവിധാനങ്ങളും ഉടൻ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. വർക്ക് ഫ്രം ഹോം അനുവദിക്കാത്ത സാഹചര്യത്തിൽ ഉദ്യോഗസ്ഥർക്ക് ദിനംപ്രതി ഓഫിസിൽ വന്നു പോകുന്നതിനായാണ് പ്രധാനമായും പ്രത്യേക ട്രയിൻ സർവീസ് അനുവദിച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.