പനാജി: സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഇന്ന് മുതൽ മെയ് പത്ത് വരെ ലോക്ക്ഡൗൺ ഏർപ്പെടുത്തി. അവശ്യ സേവന സർവീസുകൾക്ക് മാത്രമേ സംസ്ഥാനത്ത് പ്രവർത്തിക്കാനാകൂവെന്ന് സർക്കാർ അറിയിച്ചു. കാസിനോസ്, ബാറുകൾ, സ്‌പോർട്‌സ് കോപ്ലക്‌സ്, ജിം, സ്‌കൂളുകൾ, കോളജുകൾ തുടങ്ങിയവ അടഞ്ഞുതന്നെ കിടക്കുമെന്ന് സർക്കാർ വ്യക്തമാക്കി.
ഗോവയിൽ കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുകയാണെന്നും സാഹചര്യങ്ങൾ രൂക്ഷമാകുന്ന സാഹചര്യം ഉണ്ടായേക്കാമെന്നും നോർത്ത് ഗോവ ജില്ലാ മജിസ്‌ട്രേറ്റ് അജിത് റോയ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. കൊവിഡ് സാഹചര്യം നിയന്ത്രിക്കാൻ ഉചിതമായ തീരുമാനങ്ങൾ എടുക്കേണ്ടത് ആവശ്യമാണെന്നും ഉത്തരവിൽ പറയുന്നു.
മെയ് മൂന്ന് വരെ നാല് ദിന ലോക്ക് ഡൗൺ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്നു. ഏപ്രിൽ 28ന് വാർത്താ സമ്മേളനത്തിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഇന്നലെ രാജ്യത്ത് 3,92,488 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,95,57,457 കടന്നുവെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.