ന്യൂഡൽഹി: കൊവിഡ് വാക്സിനേഷന്‍റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും തങ്ങളുടെ 100 കോടി രൂപയുടെ പദ്ധതി ഉപയോഗിച്ച് വാക്സിനുകൾ നേരിട്ട് വാങ്ങാനുള്ള അനുവാദത്തിനുമായി കർണാടക പ്രദേശ് കോണ്‍ഗ്രസ് 'ലെറ്റ് കോൺഗ്രസ് വാക്സിനേഷൻ' ഓണ്‍ലൈൻ ക്യാമ്പയിൻ ആരംഭിച്ചു. നിർമ്മാതാക്കളിൽ നിന്ന് നേരിട്ട് വാക്സിനുകൾ വാങ്ങാൻ 100 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയതായി കർണാടക കോൺഗ്രസ് അറിയിച്ചതിനെ തുടർന്നാണിത്. ഇതിൽ 10 കോടി രൂപ കോൺഗ്രസിൽ നിന്നും ബാക്കി 90 കോടി രൂപ അവരുടെ എംഎൽഎ/ എംഎൽസി ഫണ്ടുകളിൽ നിന്ന് ലഭിക്കുമെന്നും പാർട്ടി സംസ്ഥാന യൂണിറ്റ് പ്രസിഡന്‍റ് ഡി കെ ശിവകുമാർ പറഞ്ഞു.
വാക്സിൻ വിതരണം; ബിജെപി സർക്കാർ പരാജയം
'ലെറ്റ് കോൺഗ്രസ് വാക്സിനേഷൻ' പ്രചാരണത്തിന്‍റെ ഭാഗമായി ഡി കെ ശിവകുമാർ, മുൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് ഈശ്വർ ഖന്ദ്രെ തുടങ്ങി നിരവധി എംഎൽഎമാരും എംഎൽസിമാരും അവരുടെ വീഡിയോ സന്ദേശങ്ങൾ പങ്കുവെച്ചു. വീഡിയോയിൽ പ്രധാനമായും വാക്‌സിൻ വാങ്ങുന്നതിലും ജനങ്ങളെ കുത്തിവയ്പ്പിക്കുന്നതിലും ബിജെപി സർക്കാർ പരാജയപ്പെട്ടുവെന്ന ആരോപണമായിരുന്നു ഉന്നയിച്ചത്.
മരണനിരക്ക് വർധിക്കുന്നു
20,000ത്തിലധികം ആളുകൾ പ്രചാരണത്തിന് പിന്തുണ നൽകുകയും ട്വിറ്ററിലും ഫേസ്ബുക്കിലും വീഡിയോകൾ പങ്കുവെക്കുകയും ചെയ്തുവെന്നാണ് കോണ്‍ഗ്രസ് ഔദ്യോഗികമായി അറിയിച്ചത്. നേരിട്ട് വാക്സിനുകൾ വാങ്ങാനും കർണാടകയിലെ ജനങ്ങൾക്ക് വാക്സിനേഷൻ നൽകാനും കോൺഗ്രസിനെ അനുവദിക്കണമെന്ന് ബിജെപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കർണാടകക്ക് വേണ്ടത്ര വാക്സിനുകൾ ബിജെപി ലഭ്യമാക്കിയിട്ടില്ല, പകരം അവരുടെ ഇടുങ്ങിയ പിആർ നേട്ടങ്ങൾക്കായി വാക്സിനുകൾ വിദേശത്തേക്ക് കയറ്റുമതി ചെയ്യാൻ തീരുമാനിച്ചു. ഇതിന്‍റെ അനന്തരഫലമായി ജനങ്ങളുടെ ആരോഗ്യവും ക്ഷേമവും വിട്ടുവീഴ്ച ചെയ്യപ്പെട്ടു. അതുവഴി സംസ്ഥാനത്തെ മരണനിരക്ക് വർധിക്കുകയാണെന്നും അതിനാൽ 100 കോടി രൂപയുടെ പദ്ധതിയിൽ കോൺഗ്രസ് ഉറച്ചുനിൽക്കുന്നുവെന്നും ശിവകുമാർ പറഞ്ഞു.
ജനപിന്തുണ ആവശ്യം
നിർമ്മാതാക്കളിൽ നിന്ന് നേരിട്ട് വാക്സിനുകൾ വാങ്ങി കർണാടകയിലെ ജനങ്ങൾക്ക് നൽകുന്നതിനാകും ഈ ഫണ്ട് ഉപയോഗിക്കുക. സർക്കാരിൽ നിന്ന് വാക്സിനേഷൻ അനുവദിക്കാൻ കോൺഗ്രസ് ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. അതിനാൽ സർക്കാരിനുമേൽ സമ്മർദം ചെലുത്തുന്നതിനായി ജനങ്ങളുടെ പൂർണ ഹൃദയത്തോടെയുള്ള പിന്തുണ കോൺഗ്രസിന് ആവശ്യമാണെന്നും കെപിസിസി പ്രസിഡന്‍റ് അറിയിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് നിലവിൽ 4,73,007 സജീവ കൊവിഡ് കേസുകൾ കർണാടകയിലുണ്ട്. ആകെ രോഗമുക്തരുടെ എണ്ണം 19,26,615 ഉം മരണങ്ങൾ 25,282 ഉം ആയി ഉയർന്നു.