ബെംഗളൂരു: കര്‍ണാടകയില്‍ 18നും 44നും ഇടയിലുള്ളവര്‍ക്ക് സൗജന്യ കൊവിഡ് വാക്‌സിനേഷന്‍. മുഖ്യമന്ത്രി ബി. എസ് യദ്യൂരപ്പയാണ് പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ 18-44 നും വയസിന് ഇടയിലുള്ളവര്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 45 വയസിന് മുകളിലുള്ളവർക്ക് നല്‍കിവരുന്ന വാക്‌സിനേഷന്‍ തുടരുമെന്നും അദ്ദേഹം അറിയിച്ചു. യോഗ്യരായിട്ടുള്ളവര്‍ ഏപ്രില്‍ 28 മുതല്‍ രജിസ്റ്റര്‍ ചെയ്യണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി കര്‍ണാടകയില്‍ രണ്ടാഴ്‌ചത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ രാത്രി 9 മണി മുതലാണ് കര്‍ഫ്യൂ ആരംഭിക്കുന്നത്. അവശ്യ സര്‍വീസുകള്‍ രാവിലെ ആറ് മുതല്‍ പകല്‍ പത്ത് മണി വരെയുള്ള നാല് മണിക്കൂര്‍ നേരത്തേക്ക് മാത്രം അനുവദിക്കും. 10 മണിക്ക് ശേഷം കടകള്‍ അടച്ചിടും.
കൂടുതല്‍ വായനയ്‌ക്ക് ; കൊവിഡ് അതിവ്യാപനം : കര്‍ണാടകയില്‍ രണ്ടാഴ്ച കര്‍ഫ്യൂ
ഉദ്യമം വിജയിപ്പിക്കുന്നതിനായി ജനങ്ങളുടെ പൂര്‍ണമായ സഹകരണം ആവശ്യമാണെന്ന് യദ്യൂരപ്പ പറഞ്ഞു. കര്‍ഫ്യൂ കാലയളവില്‍ അടിയന്തര സാഹചര്യങ്ങളിലൊഴികെ സംസ്ഥാനത്തിനകത്തും പുറത്തേക്കുമുള്ള ഗതാഗതം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 24 മണിക്കൂറിനിടെ 34804 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 143 പേര്‍ മരിച്ചു. 6982 പേര്‍ സംസ്ഥാനത്ത് രോഗവിമുക്തി നേടി. നിലവില്‍ 2,62,162 പേരാണ് ചികിത്സയില്‍ തുടരുന്നത്. 14,426 പേര്‍ ഇതുവരെ മരിച്ചു.